കണ്ണൂർ: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരികയാണ് പോലീസിന്റെ ലക്ഷ്യം. മാതാപിതാക്കളും ചെറുമക്കളും ഉള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകള്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍ (8), കീര്‍ത്തന (ഒന്നര) എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച ദമ്പതികളുടെ മകളും കുട്ടികളുടെ മാതാവുമായ വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
കഴിഞ്ഞ 17ന് വൈകുന്നേരം ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സുഖം പ്രാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ്. മോഹനന്റെ നേതൃത്വത്തിലുളള്ള നാലംഗ സംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയലെ ഡോ.രാജീവ് നമ്പ്യാര്‍, ഡോ. അരവിന്ദ് നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് സൗമ്യയെ പരിശോധിച്ചിരുന്നത്. പൂര്‍ണ ആരോഗ്യവതിയായിട്ടും ആശുപത്രിയില്‍ തന്നെ കിടത്തിയിരുന്ന സൗമ്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസില്‍ മൂന്ന് മാസം മുൻപ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30 ലേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ സംശയിക്കുന്ന മൂന്ന് പേരേയാണ് പോലീസ് വിവിധ ഘട്ടങ്ങളിലായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുള്ളത്.
മരണങ്ങള്‍ക്കു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നാല് മരണങ്ങളില്‍ മൂന്നും എലി വിഷം ഉള്ളില്‍ ചെന്നാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് വീട്ടിനുള്ളില്‍ തന്നെയുള്ളയാളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സൗമ്യയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ നിന്നു പോലീസിന് ചില വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്. സൗമ്യയുമായി ബന്ധമുള്ള ചിലരും പോലീസ് നിരീക്ഷണത്തിലാണ് എന്നു റിപ്പോര്‍ട്ട് ഉണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.
അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നും പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസിന്റെ നിഗമനം. നാലുപേരും രോഗം പൂര്‍ണമായും ഭേദമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. ഇതിനിടെ വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്കി.
വെള്ളം സ്വന്തം നിലയ്ക്കു ശേഖരിച്ചു കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണം എന്നും വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭൂഗര്‍ഭജല വകുപ്പ് പടന്നക്കരയില്‍ എത്തി സൗമ്യയുടേതുള്‍പ്പടെ 25 വീടുകളില്‍ നിന്നു ജലം ശേഖരിച്ചു പരിശോധന നടത്തിയതില്‍ കിണറുകളിലെ ജലത്തിനു കുഴപ്പമുള്ളതായി കണ്ടെത്തിയിട്ടില്ല.യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്
Post Your Comments