പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനും സംശയം. ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണ(76)നാണ് ഏറ്റവും അവസാനം കഴിഞ്ഞയാഴ്ച മരിച്ചത്. കുഞ്ഞിക്കണ്ണന്റെ മകളുടെ മകള്‍ ഒന്നരവയസ്സുകാരി കീര്‍ത്തനയാണ് 2012 സെപ്തംബര്‍ ഒന്‍പതിന് ആദ്യം വിട്ടുപിരിഞ്ഞത്. കലശലായ ഛർദ്ദി ആയിരുന്നു എല്ലാവരുടെയും മരണ കാരണം.
2018 ജനുവരി 31-ന് എട്ടുവയസ്സുകാരി സഹോദരി ഐശ്വര്യ കിഷോര്‍ സമാനസാഹചര്യത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരുമാസം പിന്നിടുമ്പോഴേക്ക് 2018 മാര്‍ച്ച് ഏഴിന് വീട്ടുകാരിയും ഇരുവരുടെയും അമ്മൂമ്മയുമായ കമല (65) ഇതേ അസുഖബാധയെത്തുടര്‍ന്ന് തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ഇതോടെ മൃതദേഹം പരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. മൃതദേഹപരിശോധനയയ്ക്കുശേഷമാണ് കമലയുടെ മൃതദേഹം സംസ്കരിച്ചത്.
വയറ്റിലുണ്ടായ അസ്വസ്ഥതയും ചര്ദിയും കാരണമാണ് നാലുപേരും വൈദ്യസഹായംതേടിയത്. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരിക അവയവ പരിശോധനാ ഫലവും സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പോലീസിന് ലഭിച്ചിട്ടുണ്ട്. പത്തോളം പരിശോധനകളാണ് നടത്തിയത്. വിഷാംശം മരിച്ചവരുടെ ശരീരത്തില്‍ ഉണ്ടെന്ന നിഗമനമാണ് പരിശോധനാഫലങ്ങള്‍ നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഭക്ഷ്യപദാര്ഥങ്ങളില്നിന്നോ ഏതെങ്കിലും മരുന്നുകളില്നിന്നോ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ. കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ചിലരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച് തിങ്കളാഴ്ചയോടെ കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന സൂചന.
Post Your Comments