അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രമായ ആചാരമാണ് ബച്ചാ പോഷി. ആണ്‍കുഞ്ഞ് പിറക്കാതെ പോയ രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളിലൊരാളെ ആണായി തെരഞ്ഞെടുക്കുന്നതാണ് ആചാരം. തിരഞ്ഞെടുക്കുന്ന അന്നുമുതല്‍ അവള് ആണാണ്. ആണ് വേഷം കെട്ടി ഒരു കുടുംബത്തിലേക്ക് മകന് ചെയ്യണമെന്ന് അവര്‍ വിശ്വസിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പിന്നെ അവളുടെ ചുമലിലാണ്.
അത്തരത്തിൽ ഒരാളാണ് സിതാര. സിതാര ജനിച്ച് വീണപ്പോള്‍ പെണ്ണായിരുന്നു. ആചാരങ്ങളുടെ പേരില്‍ ആണായി തെരഞ്ഞെടുക്കപ്പെട്ടവളാണവള്‍. അവള്‍ക്ക് 18 വയസ്സാണ് പ്രായം. അഫ്ഗാനിലെ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല. അവര്‍ അടുക്കളയില്‍ ഒതുങ്ങിക്കഴിയണം. എന്നാല്‍ സിതാര അഫ്ഗാന് പുരുഷന്മാരുടെ വസ്ത്രമാണ് അണിയുന്നത്. അവളുടെ ജോലി ഇഷ്ടിക നിര്‍മ്മാണമാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ ഇഷ്ടിക നിര്‍മ്മിച്ചാല്‍ 160 അഫ്ഗാനിസ് (ഇന്ത്യന്‍ രൂപ 150)ആണ് ലഭിക്കുക. സിതാര ഒരു ദിവസം 500 ഇഷ്ടിക വരെ തയ്യാറാക്കും.
read also: 400 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആ ആചാരം ലംഘിച്ചു, ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്ക്കും പ്രവേശനം
” ഇതിനിടയ്ക്ക് ഒരിക്കലും പെണ്‍കുട്ടിയാണെന്ന് തേന്നിയിട്ടില്ല. താൻ അദ്ദേഹത്തിന്റെ മൂത്ത മകനാണെന്നാണ് അച്ഛന് പറയാറുള്ളത്. അദ്ദേഹത്തിന്റെ മൂത്തമകനെന്ന നിലയിലാണ് നാട്ടിലുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ക്കെല്ലാം പങ്കെടുക്കാറുള്ളതെന്ന് ” സിതാര പറഞ്ഞു.
മാത്രമല്ല അവളെ പെണ്‍കുട്ടികള്‍ ചെയ്യുന്നതൊന്നും ചെയ്യാന്‍ അനുവദിക്കാറില്ല. രക്ഷിതാക്കള്‍ അവളെ ആണ് ആയി തന്നെയാണ് കാണുന്നത്. ബച്ചാ പോഷിയെ ചിലര്‍ ആണ്‍കുട്ടികള്‍ക്ക് നല്കുന്ന അലിഖിത സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇത് ഈ സമൂഹത്തില്‍ അംഗീകരിച്ചതാണ്. ഒരിക്കല്‍ ആണായി കണ്ട് തുടങ്ങിയാല്‍ അവര്‍ക്ക് പുരുഷനുള്ള എല്ലാ സ്വാതന്ത്ര്യവും അംഗീകരിച്ച് നല്‍കും.
മിക്കവരും പ്രായപൂര്‍ത്തിയായാല്‍ ആണായി വേഷം ധരിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ താന്‍ പുരുഷനായി തന്നെ വേഷം ധരിക്കുന്നത് സ്വയം രക്ഷക്കാണെന്നാണ് സിതാര പറയുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് 18 വയസ്സുള്ള പെണ്കുട്ടിയാണെന്നറിഞ്ഞാല് താന്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ചിലപ്പോള്‍ ആളുകള്‍ തന്നെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചേക്കാമെന്നും അവൾ പറയുന്നു.
Post Your Comments