കൊല്ലം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ആസൂത്രകനെന്നു പൊലീസ് കണ്ടെത്തിയ കൊല്ലം സ്വദേശി അമർനാഥ് മുൻപും ഇത്തരം ഹർത്താൽ ആഹ്വാനങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ്. ബിജെപി പ്രവര്‍ത്തകനായിരുന്നു അമര്‍നാഥ് ഇപ്പോള്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണെന്ന് അദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നു. ഇയാളെ ബിജെപിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം ശിവസേനയിൽ പ്രവർത്തിച്ചു വരികയായിരുന്നു.ആർ എസ് എസിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനമായിരുന്നു ഇയാൾ ഫെയ്‌സ് ബുക്കിലൂടെ അഴിച്ചു വിടുന്നത്.
ഏപ്രില്‍ 13ന്, അതായതു ഹര്‍ത്താലിനു മൂന്നു ദിവസം മുന്‍പാണു ഹര്‍ത്താല്‍ ആഹ്വാനത്തിനു തുടക്കമിട്ടെന്നുകരുതുന്ന വാട്സാപ് ഗ്രൂപ്പ് അമര്‍നാഥ് രൂപീകരിക്കുന്നത്. വാട്സാപ് കൂട്ടായ്മയില്‍ പങ്കുചേരാന്‍ ക്ഷണിച്ച് ഫെസ്ബുക്കില്‍ സന്ദേശങ്ങളും പ്രചരിപ്പിച്ചു. ഈ സന്ദേശം ശിവസേന കൊല്ലം എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പ് ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ അമര്‍നാഥ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സ്ഥിരീകരിക്കുമ്പോള്‍ തന്നെ അതിനും മുന്‍പു മറ്റു ചിലരും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളതായി ഫേസ്‌ബുക്ക് സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുവരെ അവരിലേക്ക് അന്വേഷണം എത്തിയിട്ടില്ല.
ഏപ്രില്‍ 14നു രാത്രിയാണു ഹര്‍ത്താല്‍ അഹ്വാനം ചെയ്ത പോസ്റ്റ് അമര്‍നാഥ് ഇട്ടിരിക്കുന്നത്. രണ്ടു മണിക്കൂര്‍ മുന്‍പു മറ്റു ചിലരിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇവരിലേക്ക് അന്വേഷണം എത്താതിരിക്കുന്നതോടെ സംസ്ഥാനം മുഴുവന്‍ അക്രമം അഴിച്ചുവിട്ട ഹര്‍ത്താലിന്റെ പിന്നാമ്പുറം തേടിയുള്ള അന്വേഷണം ഏതാനും ഗ്രൂപ്പ് അഡ്മിനുകളില്‍ ഒതുങ്ങുന്നൂവെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
Post Your Comments