ശ്രീനഗര്‍: അമര്‍നാഥിലെ മേഘവിസ്ഫോടനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ടെന്റുകളിലേയ്ക്ക് ജലം ഇരച്ചെത്തിയത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഒപ്പം സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന ആവശ്യവും ഫറൂഖ് അബ്ദുള്ള ഉന്നയിച്ചിരിക്കുകയാണ്. മലവെള്ളപാച്ചിലില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നതിന് തിരച്ചില്‍ തുടരുന്നതിനിടെയാണ് ആരോപണങ്ങളുമായി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയത്.
‘തികച്ചും അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സംഭവമാണുണ്ടായത്. എന്തിനാണ് ഇത്തരം സ്ഥലങ്ങളില്‍ ടെന്റുകള്‍ പണിയുന്നത്. ക്ഷേത്രത്തിന്റെ സമീപമേഖലയില്‍ ഇതാദ്യമായാണ് ഇത്രയധികം ടെന്റുകള്‍ നിര്‍മ്മിക്കപ്പെട്ടതായി കാണുന്നത്. ഇത്തരം അലംഭാവങ്ങള്‍ ഭരണകൂടത്തിന്റെ വീഴ്ചയാണ്’, ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീര്‍ ഭരണകൂടം അമര്‍നാഥിലെ ദുരന്തത്തിന് ഉത്തരം പറയണം. ദുരന്തത്തില്‍പ്പെട്ട എല്ലാ തീര്‍ത്ഥാടകര്‍ക്കും അടിയന്തിര സഹായം നല്‍കണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.
ഇതുവരെ 16 പേരാണ് മരിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. 40 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളുമാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതെന്നാണ് സൈന്യം നല്‍കുന്ന വിവരം.
Post Your Comments