അഗര്‍ത്തല: 25 വര്‍ഷം ത്രിപുരയില്‍ സിപിഎം അധികാരത്തിലിരുന്നപ്പോള്‍ പാഠപുസ്തകങ്ങളില്‍ ‘കയറിപ്പറ്റിയ’ ലെനിനേയും സ്റ്റാലിനേയും പുറത്താക്കി ബിപ്ളവ് ദേവിന്റെ ബിജെപി സര്‍ക്കാര്‍. പകരം രാഷ്ട്രപിതാവിനേയും തിലകിനേയും നേതാജിയെയും പറ്റി കുട്ടികളെ പഠിപ്പിക്കാനാണ് പുതിയ മുഖ്യമന്ത്രിയുടെ തീരുമാനം. സംസ്ഥാനത്തെ കുട്ടികള്‍ ഇനി എന്‍സിഇആര്‍ടി മാതൃകയിലുള്ള പഠനത്തിലേക്ക് നീങ്ങട്ടെയെന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഇതോടെ ദേശീയ തലത്തില്‍ പ്രചാരത്തിലുള്ള സിലബസ് തന്നെ ത്രിപുരയിലും നടപ്പാവും. പിന്നിട്ട കാല് നൂറ്റാണ്ടുകാലത്ത് വിദ്യാലയങ്ങളില്‍ കമ്യൂണിസത്തിന്റെ ചരിത്രം മാത്രമാണു പഠിപ്പിച്ചുകൊണ്ടിരുന്നതെന്നും അതു വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ തകര്‍ത്തുവെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എന്‍സിഇആര്‍ടി മാതൃകയിലുള്ള വിദ്യാഭ്യാസം പൂര്‍ണമായി നടപ്പാക്കും.
പാഠപുസ്തകങ്ങളില്‍ ഇന്ത്യന്‍ ചരിത്രം കൂടുതലായി ഉള്‍പ്പെടുത്തും. ലെനിനെപ്പറ്റിയും സ്റ്റാലിനെപ്പറ്റിയും പഠിക്കുന്നതിനു പകരം മഹാത്മാ ഗാന്ധിയെക്കുറിച്ചും ലോകമാന്യ ഗംഗാധര തിലകിനെക്കുറിച്ചും നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും മറ്റും കുട്ടികള്‍ക്ക് ഇനി പഠിക്കാനാവും. കമ്യൂണിസ്റ്റ് ചരിത്രം പഠിക്കുന്നതിനു പകരം അശോക ചക്രവര്‍ത്തിയുടെ കഥയും കലിംഗയുദ്ധത്തിലെ അദ്ദേഹത്തിന്റെ വിജയവും ബുദ്ധമതപ്രചാരണത്തിനായുള്ള സ്ഥാനത്യാഗവുമെല്ലാം കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും ബിപ്ലബ് ദേബ് പറഞ്ഞു.
താന്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അശോക സ്തംഭമോ ത്രിവര്‍ണപതാകയോ ഉണ്ടായിരുന്നില്ല. അവ വാങ്ങിച്ചു വയ്ക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments