KeralaLatest NewsNews

ലിഗയെ കൊലപ്പെടുത്തിയത് തന്നെയെന്ന് സഹോദരി

തിരുവനന്തപുരം : കോവളത്തു കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുമെന്നും ഇലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താന്‍ സാധിക്കൂ എന്നും പൊലീസ് പറയുന്നു.

വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

അതേസമയം ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നല്‍കും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. ഇദ്ദേഹം ഇലീസിനെ സന്ദര്‍ശിക്കുകയും ചെയ്തു.

നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ബാലകിരണ്‍ അറിയിച്ചു. ലിഗയുടെ മരണത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന്റെയും അനുശോചനവും ബാലകിരണ്‍ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ വി.എസ്.അനില്‍, അസി. പ്ലാനിങ് ഓഫിസര്‍ ജി.ജയകുമാരന്‍ നായര്‍ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button