വധം ഒരു കുറ്റമാണ്. ഒരു ഭരണഘടനതന്നെ അത് ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് മുറവിളി കൂട്ടുന്ന വിപ്ലവകാരികള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ കാണുമ്പോള്‍ ആരും പറഞ്ഞു പോകും അവരെ കൊന്നുകളയണമെന്നു. മനുഷ്യ സ്നേഹം വിളിച്ചു പറഞ്ഞു കൊണ്ട് കണ്ണില്ലാത്ത ക്രൂരത നടത്തുന്നവന്മാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ നമുക്കുണ്ട്.
ലോക രാജ്യങ്ങളില്‍ വധ ശിക്ഷ നടപ്പിലാക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ജനിച്ചു വീഴുന്ന കുഞ്ഞുമുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുകയാണ്. ഈ പീഡന കേസുകള്‍ പരിശോധിക്കുമ്പോള്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ് കൂടുതലും കാമപീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ഇത്തരം ഒരു അവസ്ഥ വര്‍ദ്ധിച്ചുവരുന്നത് നമ്മുടെ സംസ്കാരത്തിനും ഭാവി തലമുറയ്ക്കും വളരെ അധികം ദോഷം ചെയ്യും. ബാല പീഡനങ്ങളെ തടയിടാന്‍ ശക്തമായ ഒരു നിയമ സംവിധാനം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയൊരു മാറ്റം ഉണ്ടായിരിക്കുകയാണ്. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. മാനഭംഗത്തിനുള്ള കുറഞ്ഞശിക്ഷ ഏഴു വർഷത്തിൽ നിന്നു 10 വർഷം കഠിനതടവാക്കി ഉയർത്തിയ ക്രിമിനൽ നിയമഭേദഗതി ആക്‌ട് 2018ൽ 16നും 12നും താഴെ പ്രായമുള്ള കുട്ടികളെ മാനഭംഗം ചെയ്താൽ കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്നു.
മാനഭംഗത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പ്രായം പതിനാറിൽ താഴെയാണെങ്കിൽ ശിക്ഷ പത്തിൽ നിന്ന് 20 വർഷം കഠിനതടവായി ഉയർത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. പതിനാറിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്താൽ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. പെൺകുട്ടിയുടെ പ്രായം 12ൽ താഴെയാണെങ്കിൽ കുറഞ്ഞത് 20 വർഷം മുതൽ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാം. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) നിയമം ഭേദഗതി ചെയ്യും. ഇപ്പോൾ പോക്സോ നിയമപ്രകാരം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവർക്കു പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്; കുറഞ്ഞശിക്ഷ ഏഴുവർഷം തടവും.
ഓർഡിനൻസിലെ മറ്റു പ്രധാന വ്യവസ്ഥകൾ: ബാലികാ പീഡനക്കേസിലെ പ്രതിക്കു മുൻകൂർ ജാമ്യം അനുവദിക്കാൻ പാടില്ല. ഇത്തരം കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കും. അന്വേഷണവും വിചാരണയും നാലു മാസത്തിനകം പൂർത്തിയാക്കണം. പീഡനക്കേസുകൾക്കായുള്ള പ്രത്യേക ഫൊറൻസിക് കിറ്റുകൾ രാജ്യത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ഭാവിയിൽ ലഭ്യമാക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇപ്പോൾത്തന്നെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ പോക്സോ നിയമത്തിൽ അതുണ്ടായിരുന്നില്ല. രാജ്യമെങ്ങും പെൺകുഞ്ഞുങ്ങൾക്കു നേരെ ആക്രമണം വർധിച്ചതിനെ തുടർന്ന് ഉയർന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭാ തീരുമാനം.
എല്ലാ സംസ്ഥാനങ്ങളിലെയും മാനഭംഗക്കേസുകളിലെ പ്രതികളുടെ വ്യക്തി വിവരങ്ങൾ നാഷനൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ തയാറാക്കണമെന്നു കേന്ദ്ര ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. ഇവ എല്ലാ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കണം. കുറ്റവാളികളുടെ നീക്കങ്ങൾ പൊലീസിനു നിരീക്ഷിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്. യുഎസ്, യുകെ അടക്കം എട്ടു രാജ്യങ്ങളിൽ നിലവിൽ ഈ സംവിധാനം ഉണ്ട്. യുഎസിൽ ഈ പട്ടിക പൊതുജനങ്ങൾക്കും ലഭ്യമാണ്.
ഇത്തരം ഒരു നിയമം അത്യാവശ്യം തന്നെയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ശക്തമായ നിയമ സംവിധാങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത്തരം ഒരു നിയമഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മനുഷ്യ ജീവന്റെ വില പറഞ്ഞു കരയുന്നവര്‍ എന്തുകൊണ്ട് ഇരയാക്കപ്പെടുന്ന കുഞ്ഞു ജീവന്‍ കാണുന്നില്ല. ഇന്നത്തെ തലമുറയാണ് നാളത്തെ പൌരന്മാര്‍. അവരെ മുളയിലെ നശിപ്പിക്കുന്ന ഈ ക്രൂര പ്രവണത കാണുന്നില്ലേ? ഈ കുഞ്ഞു ജീവന് വിലയില്ലേ!! കത്വ മുതല്‍ പെരുമ്പാവൂര്‍ വരെ നടക്കുന്ന സംഭവങ്ങള്‍, അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വിഷയങ്ങള്‍ നടക്കുന്നു. അതിനെല്ലാം വെറും മെഴുകുതിരി പ്രതിഷേധമല്ല വേണ്ടത്. ഇനിയെങ്കിലും നമ്മുടെ വധശിക്ഷയ്ക്കെതിരെ മുറവിളികൂട്ടുന്ന വിപ്ലവകാരികള്‍ക്ക് ”ബോധോദയം” ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം..
Post Your Comments