വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന വാദം കൂടുതല്‍ ശക്തമാകുകയാണ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ദീപകിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ഇത് കൂടാതെ ശ്രീജിത്തിന്റെ ബന്ധുക്കളും ദീപകിനെതിരെ പരാതി നല്‍കിയിരുന്നു. താന്‍ അവധിയില്‍ ആയിരുന്നുവെന്നും അടുത്ത ദിവസം രാവിലെ ഏഴു മണിക്കാണ് സ്‌റ്റേഷനിലെത്തിയതെന്നുമാണ് ദീപകിന്റെ വാദം. എന്നാല്‍ അവധിയിലായിരുന്ന ദീപക് ശ്രീജിത്തിനെ പിടികൂടിയ അന്ന് രാത്രി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ ദീപകിന്റെ വാദം പൊളിഞ്ഞു. എന്നാല്‍ അവധിയിലായിരുന്നിട്ടും എന്തിനാണ് അന്ന് രാത്രി സ്റ്റേഷനിലെത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ദീപക് നല്‍കിയിട്ടില്ല.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; നെഞ്ചുപൊട്ടി അമ്മയും ഭാര്യയും പറയുന്നത് ഇതുമാത്രം
വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്നു പോലീസുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വരാപ്പുഴയില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ശ്രീജിത്തിനെ കാണിച്ചു കൊടുത്ത ഗണേശനെ കേസില്‍ പ്രതിചേര്‍ക്കണമെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം. ഗണേശനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും ശ്രീജിത്തിന്റെ കുടുംബം പറഞ്ഞു. പൊലീസ് നല്‍കിയ ഫോട്ടോയിലെ ആളെയാണ് കാണിച്ചു കൊടുത്തതെന്ന് ഗണേശന്‍ പറഞ്ഞു.
വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീജിത്തിനെ മഫ്തിയില്‍ എത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഏപ്രില്‍ 9നാണ് മരിച്ചത്. ആളുമാറിയാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ഒളിവിലുള്ള നാല് പ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും വിനീഷ് പറഞ്ഞു. മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്നു കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു. ഈ കേസില്‍ വ്യാജ സാക്ഷി ഉണ്ടാക്കാന്‍ സിപിഎമും പോലീസും ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
വരാപ്പുഴ കേസ്: യഥാര്‍ത്ഥ പ്രതികള്‍ ഒളിവില്‍?
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്പിയുടെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്നു പേർ അറസ്റ്റിലാകുമ്പോഴും ശ്രീജിത്തിനെ പിടിക്കാൻ ഇവരെ നിയോഗിച്ചത് ആരെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അറസ്റ്റിലായ ആര്‍.ടി.എഫ്. ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലാണ്. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് തങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റുചെയ്തതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ശ്രീജിത്തിനെ പിടികൂടാൻ ഇവരെ ചുമതലപ്പെടുത്തിയവരും സ്വാഭാവികമായും പ്രതിസ്ഥാനത്തു വന്നേക്കും. ദീപകിനു പുറമേ, പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിനെയും രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സി.ഐ.യെ അടുത്തദിവസം വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ ദീപക്കിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് കൊടിയ മര്‍ദനമേറ്റിരുന്നുവെന്നും ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റിരുന്നെന്നും പോസ്റ്റു മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ശ്രീജിത്തിനെ ആളുമാറിയാണ് പിടി കൂടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തന്റെ സ്ക്വാഡിലെ അംഗങ്ങളെ വരാപ്പുഴയ്ക്ക് അയച്ചതു ലോക്കൽ പൊലീസിനെ ക്രമസമാധാന പാലനത്തിൽ സഹായിക്കാനായിരുന്നെന്നും വാസുദേവന്റെ മരണത്തിനുശേഷം അവിടെ പ്രശ്നങ്ങളുള്ളതായി വിവരം ലഭിച്ചിരുന്നുവെന്നുമാണ് റൂറൽ എസ്പിയുടെ വിശദീകരണം. ലോക്കൽ പൊലീസിനെ സഹായിക്കാനല്ലാതെ, വേഷം മാറാനോ പ്രതികളെന്നു പറയുന്നവരെ പിടിക്കാനോ നിർദേശിച്ചിരുന്നില്ലെന്നാണ് എസ്പിയുടെ വിശദീകരണം. ഇതു വിരൽ ചൂണ്ടുന്നത് വാസുദേവൻ ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണോദ്യോഗസ്ഥനായ വടക്കൻ പറവൂർ സിഐയെയാണ്. സ്ഥിരം വേഷമായ കറുപ്പു പാന്റ്സും ഷർട്ടും ധരിച്ചാണു സ്ക്വാഡ് അംഗങ്ങൾ എത്തിയത്. ക്രമസമാധാന പാലനത്തിനാണ് ഇവർ എത്തിയതെങ്കിൽ എന്തുകൊണ്ട് പൊലീസ് യൂണിഫോമിൽ വന്നില്ലെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Post Your Comments