കേരള സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ പ്രതികാരപരമല്ലെയെന്നു സംശയം തോന്നിപ്പിക്കുകയാണ്. സസ്പെൻഷനു പിന്നാലെ ഡിജിപി ജേക്കബ് തോമസിനു വിദേശയാത്രക്കുള്ള അനുമതിയും സർക്കാർ നിഷേധിച്ചിരിക്കുകയാണ്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണ് അനുമതി നിഷേധിച്ചതിന്റെ കാരണമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണു ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത്.
അമേരിക്ക, കാനഡ, സ്വിസർലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജേക്കബ് തോമസ് കഴിഞ്ഞ മാസം 29 നു സർക്കാരിനെ സമീപിച്ചിരുന്നു. ഈ മാസം 25 മുതൽ ഒരു മാസത്തെ വിദേശ സന്ദർശനത്തിനുള്ള അനുമതിയാണു സർക്കാരിനോടു തേടിയത്. എന്നാല്‍ വിദേശ യാത്രക്കുളള ആ അപേക്ഷ തള്ളി. വകുപ്പുതല നടപടിയുടെ ഭാഗമായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥനു വിദേശ യാത്രക്കുള്ള അനുമതി നൽകാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ചീഫ് സെക്രട്ടറി യാത്രാ അനുമതി നിഷേധിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശത്ത് പോകാന്‍ അവധി നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ജോലി സംബന്ധമായ പ്രശ്‌നവും ആവശ്യകതയും ചൂണ്ടിയാകും വിദേശ യാത്രയ്ക്ക് അവധി നിഷേധിക്കുക. എന്നാല്‍ അത്തരം ഒരു സാഹചര്യം ജീക്കാബ് തോമസിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇല്ല. കാരണം ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. പക്ഷെ താന്‍ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തന്റെ യാത്രകള്‍ ചട്ടപ്രകാരം സര്‍ക്കാര്‍ അറിഞ്ഞിരിക്കണം. അതുകൊണ്ടാണ് വിദേശയാത്രയ്ക്ക് അനുമതി തേടി ജേക്കബ് തോമസ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തിരികെ ചെയ്തതോ?? ഇത് പിണറായി സര്‍ക്കാരിന്റെ പ്രതികാരമല്ലേ!!
ഇവിടെ നോക്കേണ്ട കാര്യങ്ങള്‍ എങ്ങനെ സര്‍ക്കാരിന്റെ കരടായി ഈ ഉദ്യോഗസ്ഥന്‍ മാറിയെന്നതാണ്. ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടത്. ഇ പി ജയരാജനെതിരായ വിജിലന്‍സ് കേസും സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയും സര്‍ക്കാരിന് തലവേദനയാകുമെന്നു മനസിലായാതോടെ ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം പോയി. ആദ്യം നിർബന്ധിത അവധിയെടുപ്പിച്ചു. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടര്‍ സ്ഥാനം. ഈ പദവി നഷ്ടങ്ങള്‍ക്കിടയിലും അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ആദ്യ സസ്പെൻഷനിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നു കേന്ദ്രം പറഞ്ഞതിനെ സർക്കാർ മുഖവിലയ്ക്കെടുത്തില്ല.
ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകര്‍ന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടിസിന് അദ്ദേഹം നല്‍കിയ വിശദീകരണം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തില്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്‌പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഏറെ ചര്‍ച്ചയായിരുന്നു. സര്‍വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണ് ആരോപണം.
ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശന ചടങ്ങില്‍ നിന്ന് പിന്മാറി. പൊലീസിലെ പ്രധാന ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ബാര്‍ കോഴ ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉന്നതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഡി.ജി.പി. ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം സസ്പെൻഷൻ വീണ്ടും നീട്ടി. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഈ പ്രതികാരത്തില്‍ ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന നേതാക്കള്‍ പോലും പ്രതികരിയ്ക്കുന്നില്ല.
അനിരുദ്ധന്‍
Post Your Comments