മനാമ: ഏഴ് വര്‍ഷമായി സ്വന്തം പേരുപോലും കൃത്യമായി ഓര്‍മയില്ലാതെ ആശുപത്രി കിടക്കയില്‍ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള ആദ്യസൂചന ലഭിച്ചു. കൊല്ലം സ്വദേശിയാണ് പത്രത്തില്‍ വാര്‍ത്ത കണ്ട് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. പൊന്നന് എന്ന് വിളിപ്പേരുള്ള ഇദ്ദേഹം പെയിന്റിങ് ജോലിക്കിടെ നിലത്ത് വീഴാണ് തലക്ക് ഗുരുതര പരിക്കേറ്റതെന്നും ആശുപത്രിയിലായതെന്നും കൊല്ലം സ്വദേശി പറയുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ല. അന്നുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ നാട്ടില്‍ പോയി. മികച്ച പെയിന്റര്‍ എന്ന നിലക്കും മറ്റ് ഏത് ജോലികള്‍ ചെയ്യുന്നതിലും സാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നയാളാണ് പൊന്നന്.
അതേസമയം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഈ വെളിപ്പെടുത്തല്‍ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷക്ക് വക നല്‍കിയിരിക്കുകയാണ്. സ്വന്തം പേരോ വിലാസമോ പോലും ശരിക്ക് ഓര്‍മയില്ലാതെ കഴിയുന്ന ‘പൊന്നന്’ മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് കഴിയുന്നത്. ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ പൊന്നപ്പന് എന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും പറയും. ഇതും ചിലപ്പോള്‍ മാറ്റിപ്പറയും. മറ്റൊന്നും ഓര്‍മയില്ലെന്നാണ് പറയുന്നതും. ആശുപത്രി രേഖകളില്‍ പുരു ‘എന്നും 2011 ല്‍ 45 വയസും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ‘പൊന്ന’നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലുമാണ് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍.
കടപ്പാട്
മാധ്യമം
Post Your Comments