ന്യൂഡല്‍ഹി: ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനു ശേഷം മതി കെപിസിസി അഴിച്ചുപണിയെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ കെപിസിസിയില്‍ മാറ്റമുണ്ടാകുന്നത് ഒട്ടും ഗുണകരമാവില്ലെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയ്ക്കുള്ളിലുണ്ട്. കെപിസിസി പ്രസിഡന്‌റ് എം എം ഹസന്‌റെ നേതൃത്വത്തിലുള്ള ജനമോചനയാത്ര തുടരുകയാണ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരമോ നാളെയോ രാഹുലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. ഇതിനു മുന്നോടിയെന്നവണ്ണം മുതിര്‍ന്ന നേതാവ് എ.കെ ആന്‌റണിയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ‘ ഡല്‍ഹിയിലെത്തണമെന്നല്ലാതെ കാര്യപരിപാടിയെന്തെന്ന് സൂചിപ്പിച്ചില്ലെന്ന് ‘ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചാ വിഷയമായേക്കും. രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ വിരമിക്കുന്ന ഒഴിവിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്താനുള്ള സാധ്യതയില്ല. താല്‍കാലികമായാണ് എം എം ഹസനെ കെപിസിസി അധ്യക്ഷനാക്കിയത്. അദ്ദേഹം ആ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളെ ഏകീകരിച്ച് മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ച്ചത്.
എങ്കിലും സമ്പൂര്‍ണ സമ്മേളനത്തിന് ശേഷമുള്ള മാറ്റം എഐസിസി വ്യക്തമാക്കിയിരുന്നു. എഐസിസി , പിസിസി അഴിച്ചുപണികള്‍ പുരോഗമിക്കുകയാണ്. യുവാക്കള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിന് പല രീതിയില്‍ അവകാശമുന്നയിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷമാകും നിര്‍ണ്ണായക ചര്‍ച്ചകള്‍ ആരംഭിക്കുക.
Post Your Comments