കൊച്ചി : മംഗലാപുരത്ത് നിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ സ്വദേശി ഷിന്റോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ട്രെയിനില്‍ ഷിന്റോയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി പൊലീസ് അറിയിച്ചു.
മംഗലാപുരത്ത് പൈനാപ്പിള്‍ കൃഷിക്കായി പോയ ഷിന്റോ സുഹൃത്തുക്കളായ രാജേഷ്, ദേവസ്യ എന്നിവരോടൊപ്പം കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചത്.. ഷിന്റോയെ യാത്രക്കിടെ കാണാതായെന്ന് നാട്ടിലെത്തിയ സുഹൃത്തുക്കള്‍ ബന്ധുക്കളെ അറിയിച്ചു. പിന്നീട് തിങ്കളാഴ്ച കൊയിലാണ്ടിയില്‍ റെയില്‍ പാളത്തില്‍ നിന്നാണ് ഷിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്നും മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
ട്രെയില്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ഷിന്റോയെ കാണാതായെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസിന് നല്കിയ മൊഴി.സുഹൃത്തുക്കളോട് വീണ്ടും ഹാജരാകാന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. ഒപ്പം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഷിന്റോയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍.
Post Your Comments