കൊച്ചി: റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ വരെ ദൂരത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാനാകുമെന്നതാണു സംവിധാനത്തിന്റെ പ്രത്യേകത. തിരക്കു മൂലം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥ ആപ് ഒഴിവാക്കും. ആപ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് സ്റ്റേഷനുള്ളിൽ നിന്നു തന്നെ ബുക്ക് ചെയ്യാനും പുതുക്കാനും കഴിയും.
പകൽ സമയ സ്ലീപ്പർ ടിക്കറ്റ് ആപ്പിൽ ലഭ്യമല്ലെങ്കിലും ആപ്പിൽ എടുക്കുന്ന ജനറൽ ടിക്കറ്റ് ടിടിഇയെ കാണിച്ചു ഉയർന്ന ക്ലാസുകളിലേക്കു അപ്ഗ്രേഡ് ചെയ്യാൻ തടസമില്ല. നിരക്കുകളിലെ വ്യത്യാസം ട്രെയിനിൽ നൽകിയാൽ മതിയാകും. സീസൺ ടിക്കറ്റ് അടുത്ത ദിവസം മാത്രമാണു പ്രാബല്യത്തിൽ വരികയെന്നതിനാൽ ജിയോ ഫെൻസിങ് ബാധകമല്ല.
സീസൺ ടിക്കറ്റ് പുതുക്കാനുള്ള തീയതിക്കു മുന്നോടിയായി ആപിൽ സന്ദേശം എത്തുന്ന സംവിധാനം വേണമെന്നു ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാർ പറഞ്ഞു. നിലവിലുള്ള സീസൺ ടിക്കറ്റിന്റെ കാലാവധി തീരുന്നതോടെ കൂടുതൽ പേർ ആപ് ഉപയോഗിക്കുമെന്നു യാത്രക്കാർ പറയുന്നു. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് റജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇതിനു കൂടുതൽ സമയം വേണ്ടി വരുമെന്നു തിരുവനന്തപുരം ഡിവിഷനിലെ സീനിയർ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിക് പറഞ്ഞു.
ആദ്യ രണ്ടു ദിനം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്റെ പരിധി.സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ. ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേർ ആപ് റജിസ്റ്റർ ചെയ്യുന്നുവെന്നതു മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു.
Post Your Comments