Latest NewsNewsGulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിയ്ക്കുന്നു

കുവൈത്ത് സിറ്റി: ഖത്തര്‍ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാന്‍ ആലോചിക്കുന്നു. ബഹ്‌റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍, യു.എ.ഇ എന്നിവ ചേര്‍ന്ന് ഗാര്‍ഹികത്തൊഴിലാളികളുടെ റിക്രൂട്ട്മന്റെ് ഫീസ്, ചുരുങ്ങിയ വേതനം, തൊഴില്‍ മാറ്റം, മറ്റുവിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുനയം ഉണ്ടാക്കാനാണ് ആലോചന.

ഈജിപ്തിലെ കൈറോയില്‍ നടന്ന 45ാമത് ലേബര്‍ കോണ്‍ഫറന്‍സിന്റെ അനുബന്ധമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര തൊഴില്‍നിയമങ്ങളെ മാനിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തും. തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഉള്‍പ്പെടെ ദിവസത്തില്‍ 12 മണിക്കൂര്‍ വിശ്രമം ഉറപ്പുവരുത്തുന്നതായിരിക്കും നിര്‍ദിഷ്ട നിയമം. 18 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കുവെക്കാന്‍ അനുവദിക്കില്ല. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങള്‍ ഇവിടേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്രതലത്തില്‍ ഉണ്ടാക്കിയ അവമതിപ്പ് കൂടി കണക്കിലെടുത്താണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിര്‍മാണം നടത്താനും തീരുമാനിച്ചത്.

2016 ജൂലൈയില്‍ കുവൈത്തില്‍ പ്രാബല്യത്തില്‍വന്ന പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമം തൊഴിലാളികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം യു.എ.ഇയും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിനെല്ലാം ശേഷവും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങള്‍ക്ക് കൂടി സ്വീകാര്യമായ പൊതുനയം രൂപവത്കരിക്കുന്നത്. അടുത്തിടെ ഫിലിപ്പീന്‍ ഗാര്‍ഹികത്തൊഴിലാളിയുടെ മൃതദേഹം കുവൈത്തിലെ അപ്പാര്‍ട്മന്റെില്‍ ഫ്രീസറില്‍ കണ്ടെത്തിയത് വലിയ വിവാദമായി. ഫിലിപ്പീന്‍ കുവൈത്തിലേക്ക് ഇപ്പോള്‍ തൊഴിലാളികളെ അയക്കുന്നില്ല. മറ്റുഗള്‍ഫ് രാജ്യങ്ങളിലേക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫിലിപ്പീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ ലൈംഗിക ചൂഷണത്തിന് ഉള്‍പ്പെടെ വിധേയമാവുന്നു എന്ന പരാതിയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഘാന കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മന്റെ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.ചൂഷണം ആരോപിച്ച് ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കുവൈത്തിലേക്കുള്ള റിക്രൂട്ട്മന്റെ് നിര്‍ത്തി. ഇന്ത്യയില്‍നിന്നും ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മന്റെ് പുനരാരംഭിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button