റിയാദ്: തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി അറേബ്യ. ശമ്പളം നൽകുന്നതിൽ കാലതാമസമോ മറ്റു പല കാരണങ്ങളോ ഉണ്ടായാൽ, നിലവിലെ തൊഴിലുടമകളുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് അവരുടെ സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാതിരിക്കൽ, കാലാവധി തീർന്ന് 30 ദിവസത്തിനു ശേഷവും ഇഖാമ പുതുക്കി നൽകാതിരിക്കൽ, ഗാർഹിക തൊഴിലാളികളുടെ സേവനം നിയമ വിരുദ്ധമായി മറ്റുള്ളവർക്ക് കൈമാറൽ, ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയായ ജോലികൾ നിർവഹിക്കാൻ തൊഴിലാളികളെ നിർബന്ധിക്കൽ, തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറൽ, തൊഴിലുടമക്കെതിരെ തൊഴിലാളി നൽകുന്ന തൊഴിൽ പരാതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ തൊഴിലുടമ കാരണക്കാരനായി മാറൽ തുടങ്ങിയ വിഷയങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ സ്‌പോൺസർഷിപ്പ് മാറാം.
കരാർ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ വ്യാജ ഹുറൂബിൽ (ഒളിച്ചോടിയ കേസ്) കുടുക്കൽ, ഗാർഹിക തൊഴിലാളികൾ നൽകുന്ന തൊഴിൽ പരാതികൾക്ക് അനുരഞ്ജന പരിഹാരം കാണാൻ ശ്രമിച്ച് തൊഴിൽ തർക്ക അനുരഞ്ജന പരിഹാര സമിതി വിചാരണയുടെ രണ്ടു സിറ്റിങ്ങുകളിൽ തൊഴിലുടമയോ നിയമാനുസൃത പ്രതിനിധിയോ ഹാജരാകാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലും തൊഴിലുടമയുടെ സമ്മതമില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റാം.
Post Your Comments