ചെന്നൈ : നഗരത്തിലെ മാളിലെ എസ്‌കലേറ്ററില്‍നിന്നു കുട്ടി വീണു മരിച്ച സംഭവത്തില്‍ പരാതിയുമായി പിതാവ് രംഗത്ത്. റോയപ്പേട്ടയിലെ എക്‌സ്പ്രസ് അവന്യൂ മാളിലെ എസ്‌കലേറ്ററില്‍നിന്നാണു കുറുക്കുപേട്ട് സ്വദേശി ആര്‍.സനില്‍കുമാറിന്റെ മകന്‍ എസ്.നവീന്‍ (10) വീണു മരിച്ചത്.മാള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണമെന്ന് ആരോപിച്ചു സനില്‍കുമാര്‍ അണ്ണാ സാലൈ പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ചൊവ്വാഴ്ചയാണു ബാഗ് എസ്‌കലേറ്ററിന്റെ ചലിച്ചുകൊണ്ടിരുന്ന കൈവരിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നു നവീന്‍ അപകടത്തില്‍പ്പെടുന്നത്.ഗുരുതരമായി പരുക്കേറ്റ കുട്ടി രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചു.
നവീനും ഇളയസഹോദരി ദിവ്യശ്രീയും മധുരയില്‍നിന്നെത്തിയ ഇവരുടെ മൂത്തസഹോദരി ഗീതയ്‌ക്കൊപ്പമാണു മാളില്‍ പോയത്.നവീന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗ് എസ്‌കലേറ്ററില്‍ കുടുങ്ങിയതിനെത്തുടര്‍ന്നു ബാഗില്‍ത്തന്നെ കുട്ടി മുറുകെപ്പിടിച്ചു.ചലിച്ചുകൊണ്ടിരുന്ന കൈവരിയില്‍ കുടുങ്ങിയ ബാഗ് തെറിച്ചുപോയപ്പോള്‍ നവീനും 25 അടി താഴ്ചയിലുള്ള രണ്ടാം നിലയിലേക്കു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരുക്കു ഗുരുതരമായതിനാല്‍ പിന്നീട് രാജീവ് ഗാന്ധി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കുട്ടിയുടെ പിതാവ് അണ്ണാ സാലൈ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയപ്പോഴാണ് അപകടം നടന്ന വിവരം പൊലീസ് അറിയുന്നത്.അപകടമരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. മാള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് അപകടകാരണമെന്നു കുട്ടിയുടെ പിതാവ് പറയുന്നു.എസ്‌കലേറ്ററില്‍ ശരിയായ പരിശോധന നടത്താതിരുന്നതിനാലാണ് ഇത്തരം അപകടം ഉണ്ടായതെന്നു പിതാവിന്റെ പരാതിയില്‍ പറയുന്നു. അപകടത്തെ സംബന്ധിച്ചു മാള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments