Latest NewsKerala

ഡോക്ടർമാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം ; കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നാല് ദിവസമായി  സർക്കാർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

ആർദ്രം പദ്ധതിയുമായും,വൈകിട്ടത്തെ ഒപിയുമായും ഡോക്ടർമാർ സഹകരിക്കും. പദ്ധതിയുമായി സഹകരിക്കാമെന്ന് ഇവര്‍ എഴുതി നല്‍കണം. സസ്പെന്‍ഷനിലായ ഡോക്ടര്‍മാരെ തിരിച്ചെടുക്കും. 3 ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം പെട്ടെന്നുള്ള സമരം പ്രഖ്യാപനം ആവര്‍ത്തിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

കെ.ജി.എം.ഒ.എ. ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചർച്ചയിലെടുത്ത പ്രധാന തീരുമാനങ്ങൾ ചുവടെ ;

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും

2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.

3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.

4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.

6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും

7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

Also read ;ഡോക്ടര്‍മാരുടെ സമരം, അമ്മയ്ക്ക് ചികിത്സ നിഷേധിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവാവിന്റെ പ്രതിഷേധ സമരം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button