KeralaLatest NewsHistoryVishu

ഇന്ന് മേടംരണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഇന്ന് മേടം രണ്ട്, മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത്‌ എന്നാണ്‌ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്‌ മേടവിഷുവും തുലാം ഒന്നിന്‌ തുലാവിഷുവും ഉണ്ട്‌. ഒരു രാശിയില്‍നിന്ന്‌ അടുത്ത രാശിയിലേക്ക്‌ സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളിലെ പ്രധാനമായത്‌ മഹാവിഷു എന്നും പറയുന്നു. ഈ വിശേഷദിവസങ്ങള്‍ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ്‌ വിഷുവായി ആഘോഷിക്കുന്നതെന്നാണ്‌ ഐതിഹ്യം.

സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും. ആ നല്ല കാലത്തിന്റെ ഓര്‍മ്മയ്‌ക്കായി ഐശ്യര്വമുളള കാഴ്ചകളിലേക്ക് വിഷുപ്പുലരിയില്‍ നാം കണ്ണുതുറക്കുന്നു. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവര്‍ഗ്ഗങ്ങളും പണവും സ്വര്‍ണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേര്‍ത്തൊരുക്കുന്ന കണി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്.

also read:വിഷുക്കണി ഒരുക്കേണ്ട ശരിയായ രീതി ഇങ്ങനെയാണ്

കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടവും സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കില്‍ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി. പടക്കവും പൂത്തിരിയും വിഷുരാത്രികള്‍ക്ക് ശബ്ദ വര്‍ണ്ണവിന്യാസങ്ങളൊരുക്കി. പ്രകൃതി ഒരുക്കുന്ന മഞ്ഞണിക്കൊന്നകളുടെ കണിയും വിഷുപ്പക്ഷിയുടെ പാട്ടും തുടങ്ങി വിഷുവിനെ രേഖപ്പെടുത്തുന്ന പലതും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ കൈപിടിച്ച് പണമൊഴുക്കി എന്നിട്ടും നമ്മള്‍ വിഷുവെന്ന ദിനം കൊണ്ടാടുമ്പോള്‍ ഒന്നുമാത്രം ചിന്തിക്കുക, നമുക്കില്ലാതെ ഇല്ലാതെ പോയ പലതിനെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button