മേടമാസപ്പുലരി പിറന്ന് വിഷുനാളുകളുടെ വരവടുത്തു. കണിയൊരുക്കിയും വിഷുപ്പുടവ സമ്മാനിച്ചും കൈനീട്ടം നല്‍കിയും ലോകമെങ്ങുമുള്ള മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണം പോലെ തന്നെ വിഷുവിനോട് അടുത്ത ഈ ദിവസങ്ങളിലാണ് കണിയൊരുക്കാനും കോടിമുണ്ട് വാങ്ങാനും അടക്കം നാട് ഓചി നടക്കുന്നത്. ഏത് തിക്കിലും തിരക്കിലും വിഷു മലയാളികള്‍ക്ക് ഒഴിച്ചുകൂടാനുമാകില്ല.
വിഷു ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണി ഒരുക്കലും കണി കാണലും. വിഷുക്കൊന്നയും കൃഷ്ണവിഗ്രഹവും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് അടുത്ത വിഷുപൊന്‍പുലരിയിലേക്ക് മലയാളി കണ്ണുതുറക്കുന്നത്. പരമ്പരാഗത രീതിയില്‍ നിന്ന് വിഷുക്കണിയും മറ്റെല്ലാത്തിനെയും പോലെ വളരെ മാറി. ഇന്ന് പല രീതിയിലും ആളുകള്‍ വ്യത്യസ്തമായി കണി ഒരുക്കാറുണ്ടെങ്കിലും എങ്ങനെയാകണം വിഷുക്കണി എന്നത് പഴയ തലമുറയിലെ ആളുകള്‍ക്കാണ് കൂടുതല്‍ അറിയുന്നത്.
വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങള്‍:
ശ്രീകൃഷ്ണ വിഗ്രഹം (ചിത്രമായാലും മതി), അലങ്കാരങ്ങളില്ലാത്ത നിലവിളക്ക്, ഓട്ടു കിണ്ടി, തേച്ച് വൃത്തിയാക്കി ഓട്ടുരുളി, (ഇല്ലെങ്കില്‍ സ്റ്റീല്‍ ചെരുവം), അരി, നെല്ല്, അലക്കിയ വസ്ത്രം, സ്വര്‍ണ്ണം (സ്വര്‍ണ്ണ നാണയമോ, മോതിരമോ, വളയോ, മാലയോ), വാല്‍ക്കണ്ണാടി, ഗ്രന്ഥം (രാമായണമോ ഭഗവദ് ഗീതയോ സഹസ്രാനാമ പുസ്തകങ്ങളോ), തേങ്ങ കൂട്ടിക്കെട്ടി ഇരട്ടയാക്കിയത്, വെറ്റില അടയ്ക്ക, പണം (നാണയങ്ങള്‍), സിന്ദൂരം, കരിമഷി, ചന്ദനം, കണിക്കൊന്ന, പച്ചക്കറികള്‍ (കണിവെള്ളരി, പടവലങ്ങ, പയര്‍, മുരിങ്ങ), ഫലങ്ങള്‍ (ചക്ക, മാങ്ങ, ഓറഞ്ച്, ആപ്പിള്‍ മുന്തിര), മഞ്ഞള്‍, ധാന്യങ്ങള്‍, നാളികേരം
കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീതി നല്‍കുന്നു. പ്രഞ്ചത്തിനെയാണ് ഉരുളി സൂചിപ്പിക്കുന്നത്. കാലപുരുഷന്റെ കിരീടമെന്ന സൂചനയാണ് കണിക്കൊന്ന നല്‍കുന്നത്. നാണയങ്ങളും വിഷുക്കൈനീട്ടവും ധനലക്ഷ്മിയെ സൂചിപ്പിക്കുന്നു. ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും സമൃദ്ധമായ കാര്‍ഷിക കാലത്തെ പ്രതിനിധാനം ചെയ്യുന്നു.
വീട്ടിലെ മുതിര്‍ന്നവരാണ് കണി ഒരുക്കുക. തലേദിവസം രാത്രി തന്നെ കണിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അതിരാവിലെ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കും. കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചയാണ് ഇതിലൂടെ കാണുന്നത്. കണികണ്ട് കഴിഞ്ഞ ശേഷം മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്കും മറ്റും നാണയങ്ങളോ നോട്ടുകളോ വിഷുക്കൈനീട്ടമായി നല്‍കും.
വിഷുദിനത്തില്‍ കണി കണ്ടുകഴിഞ്ഞാല്‍ കണ്ടത്തില്‍ കൈവിത്തിടല്‍ പ്രധാന ചടങ്ങാണ്.
Post Your Comments