KeralaLatest NewsNews

പോലീസ് മര്‍ദ്ദനമേറ്റ് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം : പോലീസ് മർദ്ദനത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റു യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്ന പരാതിയുമായി പിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം മിതൃമല സ്വദേശി പ്രഭാതിന്റെ മരണത്തിന് കാരണം പൊലീസ് മര്‍ദ്ദനമാണെന്നാണ് പിതാവ് മോഹന്‍ദാസ് ആരോപിക്കുന്നത്. 2015 ഫെബ്രുവരിയിലാണ് സ്‌കൂളിലുണ്ടായ വിദ്യാർത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാങ്ങോട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മിതൃമല സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രഭാതിനും ഇരട്ടസഹോദരന്‍ പ്രതീഷിനും പങ്കുണ്ടെന്നാരോപിച്ചാണ് അന്നത്തെ പാങ്ങോട് എസ്‌ഐ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ആക്ഷന്‍ഹീറോ ബിജു റിലീസാകുന്നതിനും മുമ്പാണ് സംഭവം നടന്നതെങ്കിലും തോര്‍ത്തുമുണ്ടില്‍ തേങ്ങ പൊതിഞ്ഞാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. അവധിദിവസമായിരുന്നതിനാല്‍ നാല് ദിവസം കോടതിയില്‍ ഹാജരാക്കാതെ മര്‍ദ്ദനം തുടര്‍ന്നു.

ജാമ്യത്തിലിറങ്ങിയ ഇരുവരും ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം ചികിത്സ നടത്തി. ആയുര്‍വേദമുള്‍പ്പെടെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നിട്ടും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് മാനസികമായി തളര്‍ന്ന പ്രഭാത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പിതാവിന്റെ പരാതി.

പ്രഭാത് മരിച്ചതോടെ ഇരട്ട സഹോദരന്‍ പ്രതീഷിനും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങി. ആരോപണവിധേയനായ എസ്‌ഐ സമാനമായി പലരെയും മര്‍ദ്ദിച്ചിട്ടുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രഭാതിന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button