Latest NewsNewsInternational

പള്ളിയ്ക്ക് നേരെ ആക്രമണം: പ്രവേശനകവാടത്തിന് തീക്കൊളുത്തി

പള്ളിയ്ക്ക് നേരെ ആക്രമണം. ഒരു കൂട്ടം ജൂതകുടിയേറ്റക്കാര്‍ ചേര്‍ന്ന് വെസ്റ്റ് ബാങ്കിലെ നബ്‌ലുസ് സിറ്റിയിലെ പള്ളിയുടെ പ്രവേശനകവാടത്തിന് തീക്കൊളുത്തി. പ്രദേശവാസികള്‍ പെട്ടെന്ന് ഇടപെട്ടത് കാരണം തീ ആളിപ്പടരുന്നത് തടയാനായി. പള്ളിക്കു നേരെയുണ്ടായ അക്രമത്തെ ഫലസ്തീന്‍ നേതാക്കള്‍ അപലപിച്ചു. അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികളുള്‍പ്പെടെയുള്ള പുണ്യ സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമിതി ആവശ്യമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ പള്ളികള്‍ക്കു നേരെ ആക്രമണം നടത്തുന്ന സംഭവം ഇതാദ്യത്തേതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലി സൈന്യത്തിന്റെ കണ്‍മുമ്പില്‍ വച്ചാല്‍ കുടിയേറ്റ ഭീകരര്‍ ഇത്തരം ഹീനപ്രവൃത്തികള്‍ നടത്തുന്നതെന്നും മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. ചുവരില്‍ അറബ്-മുസ്ലിം വിരുദ്ധ മുദ്രാവാക്യം സ്‌പ്രേ പെയിന്റ് ഉപയോഗിച്ച്‌ എഴുതിയിട്ടതായും ആരോപണം. അഖ്‌റബ പട്ടണത്തിലെ അല്‍ ശെയ്ഖ് സാദ പള്ളിക്കു നേരെയാണ് അതിക്രമമുണ്ടായതെന്ന് പലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ യൂസുഫ് ദിറിയ പറഞ്ഞു. അറബികള്‍ക്ക് മരണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുവരില്‍ ഹീബ്രു ഭാഷയില്‍ എഴുതിയിരിക്കുന്നത്. നബ്‌ലുസിലും പരിസര പ്രദേശങ്ങളിലുമായി 39 വ്യത്യസ്ത കുടിയേറ്റ കേന്ദ്രങ്ങളില്‍ 40,000ത്തോളം ജൂത കുടിയേറ്റക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ട്.

ഫലസ്തീനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഇവിടങ്ങളില്‍ സാധാരണമാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ഭരണകൂടം കുടിയേറ്റ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് പലസ്തീന്‍ അതോറിറ്റി വക്താവ് പറഞ്ഞു. നിലവിലെ നെതന്യാഹു ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ സമീപനമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്ന് അതോറിറ്റി വക്താവ് യൂസുഫ് അല്‍ മഹ്മൂദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button