FoodVishu

വിഷു സ്‌പെഷ്യല്‍ വിഭവങ്ങളിലേക്കൊരു എത്തിനോട്ടം

നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്നതു കാണുമ്പോള്‍ വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണെന്ന് തോന്നും. വേനലിന്റെ വറുതിക്കിടയിലും വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് വിഷു ആഘോഷിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ വിഷു കെങ്കേമമായി ആഘോഷിക്കും. ഇവിടെ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും പടക്കം പൊട്ടിക്കലും സദ്യയും എല്ലാം ചേര്‍ന്ന് ആഘോഷം പൊടിപൊടിക്കും. വിഷുവിന് പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. മധ്യകേരളത്തിലും വിഷു കേമമായി തന്നെ ആഘോഷിക്കും. എന്നാല്‍ തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന ദിവസം. വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്.

തെക്കോട്ട് വിഷുവിന് പ്രാധാന്യമില്ലാത്തതു പോലെ വിഷുസദ്യക്കും വലിയ പ്രാധാന്യമില്ല. ചോറും കറിയിലുമൊതുങ്ങുന്നു ഭക്ഷണം. എന്നാല്‍ വടക്കോട്ട് പോകുന്തോറും വിഷുസദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. ചിലയിടങ്ങളില്‍ വിഷുക്കഞ്ഞിയെന്നൊരു ഏര്‍പ്പാടുണ്ട്. വിഷുക്കട്ട, വിഷുപ്പുഴുക്ക് തുടങ്ങിയ ചില പ്രത്യേക വിഭവങ്ങളും വിഷുവിനോട് അനുബന്ധിച്ചു ഉണ്ടാക്കാറുണ്ട്. പഴയകാലത്തെ കാര്‍ഷികസമൃദ്ധിയെ ഓര്‍മിപ്പിക്കാനാണ് വിഷുക്കഞ്ഞിയെന്ന ഏര്‍പ്പാട്. മലബാറില്‍ വിഷുസദ്യക്ക് പച്ചക്കറി മാത്രമല്ലാ, ഇറച്ചി വിഭവങ്ങളും വിളമ്പും. മലയാളിക്ക് ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ് ഒരോ വിഷുക്കാലവും. നമുക്ക് ചില വിഷു സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കി നോക്കാം…!

മാമ്പഴ പുളിശ്ശേരി

ചേരുവകള്‍

പഴുത്ത മാങ്ങ – 5 എണ്ണം
മോര് – അരലിറ്റര്‍
തേങ്ങ ചിരകിയത് – ഒരു മുറി
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – നാല്തണ്ട്
ഉലുവ – 1/2 ടീസ്പൂണ്
വറ്റല്‍ മുളക് 4 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടന്‍ മാങ്ങ മുറിച്ച ശേഷം കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക . മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്‌പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ് അതിലേയ്ക്ക് ചേര്‍ക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക.

ചക്ക പായസം

ചേരുവകള്‍

ചക്ക വരട്ടിയത് – ഒരു കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ – 3 കപ്പ്
രണ്ടാം പാല്‍ -2 കപ്പ്
ഒന്നാം പാല്‍ അരക്കപ്പ്
ശര്‍ക്കര മധുരത്തിന്.
ഏലക്ക 5 അല്ലി

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ചേര്‍ത്ത് ആദ്യം ചക്ക നന്നായി വരട്ടിയെടുക്കുക. വരട്ടിയെടുത്ത ചക്ക അടുപ്പില്‍ വച്ച് മൊന്നാം പാലീനൊപ്പം ഇളക്കണം.(നല്ല മധുരം ആവശ്യമുള്ളവര്‍ക്ക് ശര്‍ക്കര വീണ്ടും ഉപയോഗിക്കാം). പായസം പെട്ടെന്ന് അടിയില്‍ പിടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ കട്ട കെട്ടാതെ ഇളക്കിക്കൊടുക്കണം, തേങ്ങാപ്പാല്‍ , ചക്ക വരട്ടിയ മിശ്രിതം നന്നായി യോജിച്ച് ഒന്ന് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക , നന്നായി ഇളക്കി കൊടുക്കുകയും വേണ്ടം. വീണ്ടും ഒന്ന് കുറുകി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വച്ച് ഒന്നാം പാല്‍ ചേര്‍ക്കാം, ഒപ്പം ഏലയ്ക്കയും, തേങ്ങ കഷ്ണവും വറത്തതും ചേര്‍ക്കാം.

ഇടിച്ചക്ക തോരന്‍

ചേരുവകള്‍ 

ചെറിയ ചക്ക – 1
പച്ചമുളക് – 4
തേങ്ങ – 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വറ്റല്‍ മുളക് – 3
വെളുത്തുള്ളി – 6
കടുക് – 1/2 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍

പാകം ചെയ്യുന്നവിധം

ചക്ക ചെറുതായി അരിയുക. തേങ്ങ, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. അരിഞ്ഞ ചക്കയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ അവയെ അമ്മിക്കല്ലില്‍ വച്ച് ചതയ്ക്കുക. (മരത്തവി കൊണ്ട് ഇടിച്ചാലും മതിയാകും). എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതില്‍ ഉഴുന്ന് പരിപ്പ് വറുത്ത് കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ക്കുക. എന്നിട്ട് ഇടിച്ചക്ക ഇട്ടിളക്കി,അവസാനം തേങ്ങാക്കൂട്ട് ഇട്ടിളക്കുക. വെള്ളം വറ്റി പാകമാകുമ്പോള്‍ വാങ്ങുക.

പുളി ഇഞ്ചി

ചേരുവകള്‍ 

ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
പുളിചെറുനാരങ്ങ – വലിപ്പത്തില്‍
മുളക് പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
ശര്‍ക്കര പൊടിച്ചത് – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.

മഞ്ഞള്‍ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക്
ഒഴിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര ഇടുക.വെള്ളം വറ്റി നന്നായി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button