“പൊലിക, പൊലിക,ദൈവമേ!
തൻ നെൽ പൊലിക”
പുള്ളുവൻപാട്ടിന്റെ ഈരടികൾ മലയാളക്കരയാകെ അലയടിച്ചു തുടങ്ങി! ഗ്രാമസമൃദ്ധിയുടെ കഥകളേറ്റ് പറഞ്ഞ് വിഷുപ്പുലരി കണി കാണാനൊരുങ്ങുന്നു. മലയാളമണ്ണിലാകെ സ്വർണ്ണക്കുട നിവർത്തി കർണ്ണികാരവും കണ്ണന്റെ ആഭരണമാകാൻ കൊതിക്കുന്നു.
സാധാരണയായി മേടം ഒന്നിനാണ് വിഷു സംക്രമം! രാത്രിയും പകലും തുല്യമായി വരുന്ന ദിനമാണിത്! പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം സൂചിപ്പിക്കുന്നു ഈ ഉത്സവാഘോഷം കാർഷിക വിളകളുടെ സമൃദ്ധമായ വസന്തകാലമാണ്.ചക്കയും മാങ്ങയും കായ്കനികളും, നിറപ്പകിട്ടാർന്ന പുതുപുഷ്പങ്ങളും ഭൂമിയ്ക്ക് ചമയങ്ങളാകുന്ന , ശുഭ വേളയിൽ ,കണ്ണനെ കണി കണ്ടുണരാൻ , ഐശ്വര്യ പൂർണ്ണമായ നല്ല നാളേയ്ക്ക് വേണ്ടി പ്രാർത്ഥനാനിരതരായി ഓരോ മലയാളിയും വിഷുക്കണി ഒരുക്കുന്നു.
കഴുകിത്തുടച്ച നിലവിളക്കിൽ, എണ്ണയൊഴിച്ച്, എഴുതിരിയിട്ട് ,ചന്ദനത്തിരികൾ പുകയ്ക്കാൻ ഒരുക്കി വയ്ക്കുന്നു.ഓട്ടുരുളിയിൽ നെല്ല് നിറച്ച്,അതിൽ കായ് ഫലങ്ങളും, കസവ് കോടിയും ,വാൽക്കണ്ണാടിയും, ഗ്രന്ഥവും,കുങ്കുമവും, വെറ്റിലയും,വെള്ളിനാണയങ്ങളും, നാളികേര മുറികളുമായി, കൊന്നപ്പൂക്കളുടെ സ്വർണ്ണവർണ്ണത്തിൽ ,കണിത്താലമൊരുങ്ങുന്നു.വീട്ടിലെ മുതിർന്ന സ്ത്രീ,ഏഴര വെളുപ്പിനെയുണർന്ന് നിലവിളക്ക് കൊളുത്തി, കണ്ണനെ തൊടുകുറിയും മാലയുമണിയിച്ച് , കുടുംബാംഗങ്ങളെ വിളിച്ചുണർത്തി കണി കാണിക്കുന്നു. വാൽക്കണ്ണായിലൂടെ കണിദർശനം പൂർണ്ണമാകുമ്പോൾ വരാനിരിക്കുന്ന നാളുകൾ ശുഭമാകണേ എന്ന പ്രാർത്ഥന മാത്രമാവും ഏവരുടേയും മനസ്സിൽ.കണിത്താലം കിഴക്കോട്ട് തിരിച്ച് പ്രകൃതിയെയും ,വളർത്തു മൃഗങ്ങളെയും കണി കാണിക്കുന്നു! പിന്നീട് വിഷുക്കൈനീട്ടവും,വിഭവ സമൃദ്ധമായ സദ്യയും പടക്കം പൊട്ടിക്കലുമൊക്കെയായി ആഘോഷമാക്കുന്നു വിഷു!
എവിടെത്തിരിഞ്ഞാലും കണിയൊരുക്കി നില്ക്കുന്ന കർണ്ണികാരം നയനാനന്ദകരമായ കാഴ്ച്ചയാണ് പ്രദാനം ചെയ്യുന്നത്.”കാഷ്യ ഫിസ്റ്റുല” എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കൊന്നപ്പൂവിന് പ്രത്യേകിച്ച് ഉപയോഗങ്ങളില്ല എന്നതാണ് വാസ്തവം! രാമായണ കഥയിൽശ്രീരാമൻ ബാലിയെ അമ്പെയ്തു കൊന്നത് ഈ മരത്തിന്റെ പുറകിലാണെന്ന് പറയപ്പെടുന്നു.അതിനാലാണത്രേ “കൊന്നമരം” എന്ന പേര് ലഭിച്ചത്.ഇതിൽ അത്യധികം ദുഃഖിച്ചിരുന്ന കൊന്നപ്പൂവിന് , ശ്രീരാമന്റെ അനുഗ്രഹത്താൽ പു:നർജന്മം ലഭിക്കുകയും ദ്വാപരയുഗത്തിൽ കൃഷ്ണ ഭഗവാന്റെ ആഭരണം എന്ന നിലയിൽ വിശുദ്ധയായിത്തീരുകയും ചെയ്തു.ഗുരുപവന പുരേശൻ,കണ്ണൻ തന്റെ കളിക്കൂട്ടുകാരനായ ബാലന് തന്റെ സ്വർണ്ണമാല സമ്മാനമായി കൊടുത്തുവെന്നും,എന്നാൽ ആ ബാലൻ അത്, ശ്രീകോവിലിൽ നിന്നും മോഷ്ടിച്ചതാണെന്നു ജനങ്ങൾ പറഞ്ഞപ്പോൾ, ദുഃഖിതനായ ബാലൻ മാല ഊരിയെറിയുകയും,അപ്പോഴവിടെ അശ:രീരി ഉണ്ടാകുകയും എറിഞ്ഞ മാല സ്വർണ്ണവർണ്ണത്തിലുള്ള പൂക്കളായി മാറിയെന്നും പറയപ്പെടുന്നു! പീതപുഷ്പത്തെക്കുറിച്ച് കവി കാളിദാസൻ പോലും വാഴ്ത്തിപ്പാടിയിട്ടുണ്ട്!
പൂന്താനം,വൈലോപ്പിള്ളി,കക്കാട്,തുടങ്ങി ഒരു പാട് കവികളുടെ തൂലികയിലും, അനവധി ചലച്ചിത്ര ഗാനങ്ങളിലും വിഷുവും വിഷുപ്പക്ഷിയും, കൊന്നപ്പൂക്കളും വിരുന്നുകാരായിട്ടുണ്ട്!
കൊയ്ത്തൊഴിഞ്ഞ പാടത്ത് നെന്മണി കൊത്താനിറങ്ങുന്ന,ചക്കയ്ക്കുപ്പുണ്ടോ എന്ന് ചോദിച്ചു വീട്ടമ്മമാരെ ചൊടിപ്പിക്കുന്ന,വിഷു പക്ഷിയുടെ വരവിന് കാതോർത്ത്,ഗ്രാമനന്മകളുടെ ഗതകാല സ്മരണകൾ അയവിറക്കി ഓരോ മലയാളിയും വിഷു കാത്തിരിക്കുന്നു,പാർസൽ സദ്യയും, പ്ലാസ്റ്റിക് പൂക്കളുമായി!
വിഷു സ്‌പെഷ്യല്‍ വിഭവങ്ങളിലേക്കൊരു എത്തിനോട്ടം
Post Your Comments