KeralaIndiaNews

മകള്‍ക്കിട്ട പേര് ആസിഫ: അച്ഛന്‌റെ പോസ്റ്റ് വൈറല്‍!

കോഴിക്കോട് : കത്വ സംഭവം രാജ്യത്തെയാകെ വേദനയുടെ തീച്ചൂളയില്‍ നിര്‍ത്തുമ്‌പോള്‍ തന്‌റെ മകള്‍ക്ക് ആസിഫയെന്ന പേരു നല്‍കി മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രജിത് റാം. മകള്‍ക്ക് ആസിഫയെന്ന പേരിട്ട വിവരം ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്.
‘ പേരിട്ടു; അതേ, അതു തന്നെ. ആസിഫ. എസ് രാജ്. എന്‌റെ മകളാണവള്‍’ എന്നാണ് രജിത് റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മകളുടെ ചിത്രവും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു പേരില്‍ നിന്നാണ് പ്രതികരണമുണ്ടായത്. 12 മണിക്കൂറിനുള്ളില്‍ 20,000 ലൈക്കുകളും 15000ല്‍ അധികം ഷെയറുകളും ഈ പോസ്റ്റിനു ലഭിച്ചു.

read also: ക​ത്വ പീഡനക്കേസ്‌ ; പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ കുടുങ്ങും

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് രജിത്തിന്‌റെ രണ്ടാമത്തെ മകള്‍ ജനിക്കുന്നത്. കുട്ടിയ്ക്ക് എന്ത് പേരിടും എന്ന ചിന്തയിലിരിക്കുമ്‌പോഴാണ് നാടിനെ നടുക്കി കശ്മീരിലെ കത്വയില്‍ കുരുന്നിനു നേരെ അക്രമമുണ്ടായത്. ഈ സംഭവമാണ് കുട്ടിക്ക് ആ പേരു നല്‍കാന്‍ കാരണമായതെന്ന് രജിത് റാം പറയുന്നു.

‘കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് എട്ട് വയസാണ് പ്രായമെങ്കില്‍ എന്‌റെ മൂത്ത മകള്‍ക്ക് ഏഴു വയസാണ് പ്രായം. മനുഷ്യത്വമുള്ള ആര്‍ക്കും തോന്നാവുന്ന കാര്യങ്ങളില്‍ ഒന്നാണ് ഞാന്‍ ചെയ്തത്. മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല ഇങ്ങനൊരു തീരുമാനമെടുത്തത്. ആശയം ഭാര്യയുമായി പങ്കു വച്ചിരുന്നു. അങ്ങനെ ഞാനും ഭാര്യയും ഒന്നിച്ചെടുത്ത തീരുമാനമാണിത്’ രജിത് റാമിന്‌റെ വാക്കുകള്‍. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ് രജിത് റാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button