ആലപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയില്‍ അതി ക്രൂരമായ മര്‍ദ്ദനം ഏറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. ചെറു കുടല്‍ മുറിയുകയും തുടര്‍ന്നുണ്ടായ ഗുരുതരമായ അണു ബാധയുമാണ് മരണത്തിലേയ്ക്ക് നയിച്ചത്. വൃക്കയും കരളുമടക്കമുള്ള പ്രധാന ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ശരീരത്തില്‍ 18 ക്ഷതങ്ങളുണ്ട്. ഇവയ്ക്ക് 2 മുതല്‍ 3 ദിവസം വരെ പഴക്കമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍ ഡോകടര്‍ സക്കറിയ തോമസിന്റെ നേതൃത്വതിലുള്ള 3 അംഗ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അടുത്ത ദിവസം തന്നെ പൊലീസ്, ഫോറന്‍സിക് സര്‍ജന്റെ വിശദ മൊഴി രേഖപ്പെടുത്തും. വരാപ്പുഴയിലെ എസ്‌ആര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സിഐയും എസ്‌ഐയും അടക്കം നാല് പൊലീസുകാര്‍ക്ക് കൂടി ഇന്നലെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.
ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ഏഴായി. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഫ്തിയിലെത്തി ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് ചൊവ്വാഴ്ച സസ്‌പെന്റ് ചെയ്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് മൂന്ന് പൊലീസുകാരെ പ്രാഥമിക നടപടിയെന്ന നിലയില്‍ സസ്‌പെന്റ് ചെയ്യുന്നതായി അറിയിച്ചത്.
കസ്റ്റഡിമരണത്തില്‍ എസ്‌ഐ ദീപക് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Post Your Comments