കൊച്ചി: വിഷുവിന് യാത്രക്കാര്‍ക്ക് റെയില്‍വേ വക കൈനീട്ടം.. അതും നല്ല ഒന്നാന്തരം ആപ്പ്. മൊബൈല്‍ ഫോണ്‍ വഴി അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് റെയില്‍വേ ജനങ്ങളിലേക്ക് എത്തിക്കുന്നത്. യുടിഎസ് ഓണ്‍ മൊബൈല്‍ എന്നാണ് ആപ്പിന്‌റെ പേര്. തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് എന്നിവിടങ്ങളില്‍ നിന്നും യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.
ആപ്പിലുള്ള റെയില്‍വേ വാലറ്റിലേക്ക് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ജനറല്‍ ടിക്കറ്റുകളുടെ ബുക്കിങ്ങിനും സീസണ്‍ ടിക്കറ്റ്, പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ എടുക്കുന്നതിനും ആവശ്യം വന്നാല്‍ ടിക്കറ്റ് പുതുക്കിയെടുക്കുവാനും ആപ്പില്‍ സൗകര്യമുണ്ട്. ആപ്പ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജുകള്‍ ഇല്ല. പേപ്പര്‍ലെസ് സേവനം ഉപയോഗിച്ചാല്‍ ടിക്കറ്റിന്‌റെ ചിത്രം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പരിശോധനാ വേളയില്‍ ഇത് കാണിക്കുകയും ചെയ്യാം. പക്ഷെ ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് ടിക്കറ്റ് മാറ്റാന്‍ കഴിയില്ല. ആപ്പ് വരുന്നതോടുകൂടി ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കിന് ശമനമാകും. എന്നാല്‍ സ്റ്റേഷനുള്ളിലും ട്രെയിനുകളിലും ആപ്പ് പ്രവര്‍ത്തിക്കില്ല. സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആപ്പിലൂടെ ടിക്കറ്റെടുക്കുവാന്‍ സാധിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, കന്യാകുമാരി ജംക്ഷന്‍, എറണാകുഴം ടൗണ്‍, കോട്ടയം, ആലുവ, കന്യാകുമാരി, നാഗര്‍കോവില്‍ ജംക്ഷന്‍, കുഴിത്തുറ, ചെങ്ങന്നൂര്‍, ആലപ്പുഴ, വര്‍ക്കല, തിരുവല്ല, കൊല്ലം, കായംകുളം, തൃശൂര്‍, ചങ്ങനാശേരി, ഗുരുവായൂര്‍, കൊച്ചുവേളി, എന്നിവിടങ്ങളില്‍ 14 മുതല്‍ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങും. അധികം വൈകാതെ മറ്റു സ്റ്റേഷനുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. തിരുവനന്തപുരം ഡിവിഷനിലെ 11 ലക്ഷം അണ്‍റിസര്‍വ്ഡ് യാത്രക്കാര്‍ക്ക് പുതിയ സംവിധാനം സഹായകരമാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. മാത്രമല്ല യാത്രക്കാര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിച്ചു തുടങ്ങും.
യുടിഎസ് സേവനം ആരംഭിക്കാന്‍
1. ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈന്‍ മാര്‍ഗമോ ഫോണ്‍ വഴിയോ റജിസ്റ്റര്‍ ചെയ്യണം.( www.utsonmobile.indianrail.gov.in). അപ്പോള്‍ ലഭിക്കുന്ന നാലക്കമുള്ള പിന്‍ (എം പിന്‍) ഉപയോഗിച്ച് ആപ്പിലേക്ക് ലോഗിന്‍ ചെയ്യാം.
2. റജിസ്‌ട്രേഷന്‍ കഴിയുന്നതോടെ സിറോ ബാലന്‍സുമായി റെയില്‍വേ വാലറ്റ് ആപ്പില്‍ സജ്്ജമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയിലൂടെയും പേ ടിഎം വാലറ്റ് എന്നിവയിലൂടെയും പണം ആര്‍ വാലറ്റിലേക്ക് നിറയ്ക്കാം. പണം നിക്ഷേപിക്കുവാന്‍ വാലറ്റ് റീച്ചാര്‍ജ് സേവനവും ആപ്പില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍ ലോഗിന്‍ ഐഡിയായും നാലക്ക എം പിന്‍ നമ്പര്‍ പാസ്‌വേര്‍ഡായും നല്‍കണം.
3. സ്ഥിര യാത്രക്കാര്‍ക്കായി അടിയന്തരമായി ടിക്കറ്റെടുക്കുന്നതിന് ക്വിക്ക് ബുക്ക് സേവനവും ആപ്പില്‍ ലഭ്യമാണ്.
4. യാത്രക്കിടയില്‍ ഫോണിന്‌റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഓഫായാലും യാത്രക്കാര്‍ പേടിക്കേണ്ടതില്ല. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യാത്രക്കാരന്‍ ടിക്കറ്റെടിത്തിരുന്നോ എന്ന് ടിടിഇയ്ക്ക് പരിശോധിക്കാന്‍ സാധിക്കും.
Post Your Comments