Latest NewsNews

വരുന്നത് അണലികടിയേല്‍ക്കാന്‍ സാധ്യതയുള്ള മാസങ്ങള്‍, 75000 രൂപ ചികിത്സാ സഹായവുമായി വനം വകുപ്പ്

മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീതിയുളവാക്കുന്നവയാണ് പാമ്പുകള്‍. വനങ്ങളിലും മനുഷ്യവാസമുള്ള മറ്റു പ്രദേശങ്ങളിലും ഒരു പോലെ കാണുന്ന ഇവയാണ് മൃഗങ്ങള്‍ മൂലം മനുഷ്യന് ജീവഹാനി സംഭവിക്കുന്നതില്‍ മുഖ്യ പങ്കുകാര്‍. പാമ്പുകടി ഏറ്റ് മരിക്കുന്നവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടുന്നുണ്ടെന്നതും അതില്‍ നല്ലോരു ഭാഗവും കേരളത്തിലാണന്നതും ഭീതി വര്‍ധിപ്പിക്കുന്നുണ്ട്.  കേരളത്തില്‍ കണ്ടു വരുന്ന പാമ്പുകളില്‍ ഏറ്റവും വിഷം കൂടിയ ഇനമാണ് അണലി. കേരളത്തില്‍ പാമ്പുകടി ഏറ്റ സംഭവങ്ങളില്‍ മിക്കതിലും ഏറ്റത് അണലി വിഷമാണെന്നും കണക്കുകള്‍ പറയുന്നു. ഇനി വരുന്ന മാസങ്ങളിലാണ് അണലി കൂടുതലായും പെറ്റു പെരുകുന്നത്. അതായത് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അണലി പ്രസവിക്കുന്നത്. അണലി കടി ഏല്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ കൂടുതലായും പുറത്തു വരുന്നതും ഈ മാസങ്ങളില്‍ തന്നെ.

പ്രസവിച്ചുകിടക്കുന്ന അണലിയും അതിന്‌റെ കുഞ്ഞുങ്ങളും വളരെയധികം അപകടകാരികളാണ്. ഈ സമയത്ത് മനുഷ്യന്‍ അവര്‍ കിടക്കുന്ന ഭാഗത്തോ സമീപ പ്രദേശങ്ങളിലൂടെയോ ചെല്ലുന്നത് അവയെ പ്രകോപിപ്പിക്കും. ഇക്കാരണത്താല്‍ തന്നെ അത്തരം മേഖലകളിലേക്ക് കടന്നുചെല്ലാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.  ബ്രിട്ടന്‍ ആസ്ഥാനമായ ഹെര്‍പ്പറ്റോളജിയ്ക്കല്‍ ബുള്ളറ്റിനില്‍ പ്രസിദ്ധപ്പെടുത്തിയ പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകനായ കണ്ണൂര്‍ തളാപ്പിലെ മഞ്ചക്കണ്ടി ആര്‍. റോഷ്‌നാഥിന്‌റെ ഗവേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നു.  കേരളത്തില്‍ പാമ്പുകടി ഏറ്റു മരണപ്പെട്ടാല്‍ കുടുംബത്തിന്  ഒരു ലക്ഷം രൂപ ധനസഹായമായി വനം വകുപ്പ് നല്‍കുന്നുണ്ട്. പാമ്പുകടിയേറ്റ് ചികിത്സയിലാകുകയാണെങ്കില്‍ 75,000 രൂപ വരെയും ചികിത്സാ സഹായം ലഭിക്കും. എന്നാല്‍ ഇക്കാര്യം മിക്കയാളുകള്‍ക്കും അറിയില്ല. ചുരുക്കം ആളുകള്‍ മാത്രമാണ് സഹായത്തിനായി അപേക്ഷ നല്‍കുന്നത്.  കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്കും അണലി കടി ഏല്‍ക്കുന്നത് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതലുള്ളത് കണ്ണൂര്‍ ജില്ലയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അണലി കൂഞ്ഞുങ്ങളില്‍ നിന്ന് കടിയേല്‍ക്കുന്നതായാണ് മിക്ക റിപ്പോര്‍ട്ടിലും പറയുന്നത്. കുഞ്ഞുങ്ങള്‍ ഏറെ അപകടകാരികളും ഉഗ്രവിഷമുള്ളവയുമാണ്. വളരെ പെട്ടന്നാണ് ഇവയുടെ ആക്രമണം.  പാമ്പിന്‌റെ കടി ഏല്‍ക്കുന്നവരില്‍ ഭൂരിഭാഗവും 40നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന ഇവയെ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. മണ്ണിന്‌റെ നിറമാണ് ഇവയുടെ ത്വക്കിന്. കടി കൊണ്ട ഭാഗത്ത് കത്തികൊണ്ട് കീറിയതുപോലെ വലിയ മുറിവുണ്ടാവുകയും ധാരാളം രക്തം വരികയും ചെയ്യും. തുടര്‍ന്ന് നീരു വന്ന് വീര്‍ത്തിരിക്കും.  അണലിവിഷം വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും മൂത്രതടസമുണ്ടാവുകയും ചെയ്യും. വളരെ പെട്ടന്നു തന്നെ മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അണലികടിയില്‍ നിന്നും രക്ഷ നേടാന്‍.
കഴിവതും ചുടുള്ള സമയത്ത് പറമ്പിലും മറ്റും ഇറങ്ങാതിരിയ്ക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ കഴിവതും ഉപയോഗിക്കുക. പറമ്പില്‍ ഇറങ്ങുകയാണങ്കില്‍ പാദം പൂര്‍ണമായും മൂടുന്ന തരം ഷൂ പോലുള്ളവ ഉപയോഗിക്കുക.
സ്‌റ്റോര്‍ റൂം, വിറകുപുര എന്നിവിടങ്ങളില്‍ കയറുമ്‌പോള്‍ മുന്‍കരുതലെടുക്കുക. കഴിവതും വെളിച്ചമുള്ളപ്പോള്‍ കയറുക.
ചപ്പു ചവറുകള്‍ കഴിവതും കൂട്ടിയിടാതിരിയ്ക്കുക. അവയും ഭക്ഷണാവശിഷ്ടങ്ങളും നേരത്തെ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
രാത്രികാലങ്ങളില്‍ ജനലുകളും വാതിലുകളും പൂട്ടിയെന്ന് ഉറപ്പു വരുത്തുക. ജനാലകളിലേക്ക് വലിഞ്ഞു കയറാനുള്ള ശേഷിയും അണലികള്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button