മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അലി ഭായി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വമ്പന്‍ ട്വിസ്റ്റുകളാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാവുന്നത്. ഖത്തറിലുള്ള നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നാണ് നിഗമനം.
കൊലപാതകം ക്വട്ടേഷനാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താര്‍ നല്കിയ ക്വട്ടേഷനാണിതെന്ന് റൂറല്‍ എസ്പി പി അശോക് കുമാര്‍ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയും മാസ്റ്റര്‍ ബ്രെയിനും സത്താറാണ്. സാമ്പത്തിക ഇടപാടുകള്‍ കാരണം യാത്രവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകും. സത്താറിന്റെ ഭാര്യയും രാജേഷിന്റെ സുഹൃത്തുമായ വിനിതയെയും വേണമെങ്കില്‍ ചോദ്യം ചെയ്യും. -പോലീസ് പറഞ്ഞു.
ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല നടത്തിയ അലിഭായി എന്ന ഓച്ചിറ മേമന പനച്ചൂട്ടില് വീട്ടില്‍ ജെ മുഹമ്മദ് സാലിഹിനെ കേസില്‍ രണ്ടാം പ്രതിയാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തന്‍തെരുവ് കൊച്ചയത്ത് തെക്കതില്‍ കെ.തന്‍സീര്‍(24) നാലാം പ്രതിയും. ഇവര്‍ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഖത്തറില്‍ നിന്നും കേരളത്തില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അലിഭായിയും തന്‍സീറും അപ്പുണ്ണിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മൂന്നാം പ്രതിയായ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
നൃത്താധ്യാപികയായ ഭാര്യയും രാജേഷുമായുള്ള അടുപ്പം മൂലം സത്താറിന്റെ കുടുംബജീവിതം തകര്‍ന്നിരുന്നു. ഭാര്യയുമായി പിരിഞ്ഞതോടെ സത്താറിന്റെ ബിസിനസും പൊളിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു രാജേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സത്താര്‍ അലിഭായിക്ക് കൊട്ടേഷന്‍ നല്‍കുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും സത്താറിന്റെ മോഹന വാഗ്ദാനത്തില്‍ അലിഭായി വീഴുകയായിരുന്നു. ബിസിനസില്‍ പങ്കാളി ആക്കാം എന്ന ഓഫറാണ് സത്താര്‍ അലിഭായിക്ക് മുന്നിലേക്ക് വെച്ചു നീട്ടിയത്. തുടര്‍ന്ന് കൊലപാതകത്തിനുള്ള പദ്ധതികള്‍ ഖത്തറില്‍ തന്നെ ഒരുക്കി. സിനിമ നിര്‍മിക്കാനെന്ന മട്ടില്‍ നാട്ടിലെത്തി ‘ഇര’യെ കണ്ട് ഉറപ്പിക്കുകയായിരുന്നു ഇതില്‍ ആദ്യഘട്ടം.
ഖത്തറില്‍ നിന്നും നേരിട്ട് ഇന്ത്യയില്‍ വന്നുപോയാല്‍ പിടിക്കപ്പെടുമെന്ന് അലിഭായിക്ക് വ്യക്തമായിരുന്നു. അതിനാല്‍ നേപ്പാള്‍ വഴിയാണ് പ്രതി ഇന്ത്യയിലെത്തിയത്. 15ന് കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി, അവിടെ നിന്ന് പിറ്റേ ദിവസം ബസില്‍ ഡല്‍ഹിയിലെത്തി. അവിടെ നിന്ന് 19ന് ഫ്ലൈറ്റില്‍ ബംഗളൂരുവിലും എത്തി. ബംഗളൂരുവില്‍ അപ്പുണ്ണി, യാസീന്‍, സ്വാതി സന്തോഷ് എന്നിവര്‍ക്കൊപ്പം രണ്ടു ദിവസം തങ്ങി ബാക്കി കാര്യങ്ങള്‍ ഒരുക്കിയെന്നും പോലീസ് പറയുന്നു.
രാജേഷിനെ മുന്‍പു കണ്ടിട്ടില്ലാത്തതിനാല്‍ അലിഭായി അപ്പുണ്ണിയുമൊത്ത് 26നു രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയിലെത്തി. ഹ്രസ്വചിത്രം നിര്‍മിക്കാനുള്ള ആലോചനയെന്ന പേരിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ചെന്നൈയിലെ സ്കൂളില്‍ ജോലി ലഭിച്ചതിനാല്‍ പിറ്റേന്നു താന്‍ അങ്ങോട്ടേക്കു പോവുകയാണെന്നും മറ്റാരെയെങ്കിലും സമീപിക്കുവാനും രാജേഷ് പറഞ്ഞു. അതോടെയാണ് അന്നു രാത്രി തന്നെ ക്വട്ടേഷന്‍ നടപ്പാക്കിയത്.
Post Your Comments