കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡയില്‍. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളിയിലാണ് അബ്ദുള്‍ സത്താറിന്റെ വീട്. ഇവിടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. സംഘടന നിരോധിച്ചതിന് പിന്നാലെ ഈ ഓഫീസ് സീല്‍ ചെയ്യുമെന്ന വിവരം ഉണ്ടായിരുന്നു. ഈ സമയം ഇവിടെ എത്തിയ മാദ്ധ്യമങ്ങളോട് അബ്ദുള്‍ സത്താര്‍ സംസാരിച്ചിരുന്നു. മാദ്ധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് അബ്ദുള്‍ സത്താറിനെ ഇവിടെ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്കാണ് അബ്ദുള്‍ സത്താറിനെ കൊണ്ടുപോയത്. അവിടെ വെച്ച് വിശദമായി ചോദ്യം ചെയ്യും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് അബ്ദുള്‍ സത്താറാണ്. അതുകൊണ്ട് തന്നെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments