Latest NewsNewsIndiaSports

ഇന്ത്യന്‍ സൈന്യത്തിന്റെ അര്‍ജുന്‍ ടാങ്കിലെ ഒളിസങ്കേതത്തില്‍ നുഴഞ്ഞു കയറി ധോണി

എന്നും വ്യത്യസ്തനാകുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി. അധികം പ്രശസ്തി ഇഷ്ടപ്പെടാത്ത ധോണി പലപ്പോഴും സാധാരണക്കാരെപ്പോലെ തന്നെയാണ് പെരുമാറുന്നതും. ഇത്തരത്തിലൊരു സംഭവമാണ് ഈയിടെ ഉണ്ടായിരിക്കുന്നത്. ധോണി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രൗഢവാഹനമായ അര്‍ജുന്‍ മാര്‍ക്ക് ഒന്ന് ടാങ്കിനു മുന്നിലേക്ക് കടന്നുവന്നപ്പോള്‍ അമ്പരപ്പായിരുന്നു എല്ലാ മുഖങ്ങളിലും. ചെന്നൈയില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പടക്കോപ്പുകള്‍ അദ്ദേഹം സൂക്ഷമതയോടെയാണ് വീക്ഷിച്ചത്.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രൗഢവാഹനമായ അര്‍ജുന്‍ മാര്‍ക്ക് ഒന്ന് ടാങ്കിനു മുന്നിലെത്തിയ ധോണി ആരെയും കൂസാതെ ടാങ്കിനു മുകളിലേക്കു ചുവടുവെച്ചു. വാഹനത്തിനകത്തെ ‘ഒളിസങ്കേത’ത്തിലേക്കുള്ള വഴിയന്വേഷിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ കൂടിയായ ടാങ്കിന്റെ കമാന്‍ഡര്‍ മനോജ്കുമാറും ഡ്രൈവര്‍ രഞ്ജിത്തും രഹസ്യമാര്‍ഗം ധോനിക്കു പറഞ്ഞുകൊടുത്തു. കൂടിനിന്നവര്‍ക്ക് ചെറുപുഞ്ചിരി സമ്മാനിച്ച് ധോണി, അര്‍ജുന്‍ ടാങ്കിലേക്ക് നുഴഞ്ഞുകയറി.

നിശ്ശബ്ദതയുടെ ഏതാനും മിനിറ്റുകള്‍. അല്‍പ്പസമയത്തിനകം ധോണിയുടെ കൈപ്പത്തികള്‍ പതുക്കെ പുറത്തേക്ക്. ഞൊടിയിടയില്‍ ചിരിച്ച മുഖത്തോടെ ടാങ്കിന്റെ അറയില്‍നിന്ന് അദ്ദേഹം പുറത്തേക്കു ചാടിയിറങ്ങി. വീണുകിട്ടിയ അസുലഭനിമിഷം മുതലാക്കാന്‍ സൈനികോദ്യോഗസ്ഥരും മറന്നില്ല. അവര്‍ ധോണിക്കൊപ്പം ഫോട്ടോയ്ക്ക് അണിനിരന്നു. സെല്‍ഫികളില്‍ ധോണിയുടെ പുഞ്ചിരിക്കുന്ന മുഖം. സൈനികരോട് അല്പനേരം കുശലം പറഞ്ഞാണ് ധോണി മടങ്ങിയത്.

ധോണി ഇതിനുമുമ്പ്, സൈനികവാഹനമായ ടി-72 അനായാസം ഓടിച്ചിട്ടുണ്ടെന്ന് മനോജ് കുമാറും രഞ്ജിത്തും പറഞ്ഞു. ഇന്ത്യന്‍ കരസേനയിലെ ലഫ്റ്റനന്റ് കേണല്‍ പദവി നേടിയിട്ടുള്ള ധോണി മത്സരങ്ങള്‍ക്കിടയിലെ ഒഴിവുസമയങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിക്കുകയും ആയുധപരിശീലനം നേടുകയും ഹെലികോപ്റ്ററില്‍നിന്നുള്ള പാരാജംപിങ് അടക്കമുള്ള സാഹസികപ്രകടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button