തിരുവനന്തപുരം•ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമനം-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന്‍ എം.പി. പട്ടികജാതി, പട്ടികവര്‍ഗ കര്‍മ്മസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുക്കുകയാണ് ചെയ്തത്. ഒന്നുമറിയാത്ത ഗവണ്‍മെന്റ് പ്ലീഡര്‍മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് ഒത്തുകളിച്ചതിലൂടെയാണ് സര്‍ക്കാര്‍ ഈ വിധി നേടിയിരിക്കുന്നത്. ഈ വിധി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും നിഴലിക്കും. സര്‍ക്കാരിന്റെ വകയായ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചില്‍നിന്നും പണംകൊടുത്തുവാങ്ങി വിമാനത്താവളം തുടങ്ങാനുള്ള നീക്കത്തിനുകൂടി സഹായകരമാകും.
തുടര്‍ച്ചയായി സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ടീമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന ആളുകള്‍ തന്നെ വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണ്. വിനായകനും മധുവും തിരുവനന്തപുരത്തെ രാജേഷുമടക്കം പതിനേഴോളം ദളിത് യുവാക്കളാണ് ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസുകാരും മെച്ചമല്ല, പാവപ്പെട്ട പിന്നോക്കക്കാരന്റെ കിടപ്പാടം കവര്‍ന്ന സര്‍ക്കാരാണ് അവരുടേതെന്ന് വി.മുരളീധരന്‍ ആരോപിച്ചു.
പിന്നാക്കസംഘടനകളുടെ സമരങ്ങളെ തട്ടിയെടുക്കാന്‍ കേരളത്തില്‍ ചിലര്‍ കാര്യമായി പരിശ്രമിക്കുന്നുണ്ട്. അടുത്തിടെ നടന്ന ദളിത് ഹര്‍ത്താലിലടക്കം അത്തരമാളുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. സുപ്രീംകോടതി വിധിക്കെതിരെ നടന്ന സമരം കേന്ദ്രസര്‍ക്കാരിനെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരക്കാര്‍ നോക്കുന്നത്. മോദി സര്‍ക്കാരിന്റേത് സവര്‍ണ അജണ്ടയാണെന്നാണ് പ്രചരണം. പട്ടിണിയുടെ വിലയറിഞ്ഞ് വളര്‍ന്ന പ്രധാനമന്ത്രിക്ക് പട്ടിണിക്കാരുടെ പ്രശ്‌നങ്ങള്‍ അറിയാം. മുദ്രാവായ്പയുടെ 23 ശതമാനം ഗുണഭോക്താക്കള്‍ പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഉജ്ജ്വല പദ്ധതി വഴി പാചകവാതകം സ്വന്തമാക്കിയവരില്‍ മുപ്പത് ശതമാനം പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവരാണ് . എന്നിട്ടും നരേന്ദ്രമോദിക്കെതിരെ തെറ്റിദ്ധാരണ പരത്താനാണ് പരിശ്രമം. വിദ്യാസമ്പന്നരാണ് ഇന്ന് പട്ടികജാതി ജനത. അത്തരം പ്രചരണങ്ങളില്‍ അവര്‍ കുടുങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ഹരിജന്‍ സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, എകെസിഎച്ച്എംഎസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, പട്ടികജാതി മഹാജനസഭ ട്രഷറര്‍ എ. മധുസൂദനന്‍, എസ്ബിഎസ്എസ് പ്രസിഡന്റ് ആര്‍. രാജഗോപാല്‍, കുറിച്യര്‍ സമാജം നേതാവ് മുകുന്ദന്‍ പള്ളിയറ, കേരള പാണര്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ്പ്രസിഡന്റ് പി.വി. ഭാസ്‌കരന്‍, അയ്യങ്കാളി സാംസ്‌കാരികസമിതി ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്‍, കെവിഎംഎസ് ജോയിന്റ് സെക്രട്ടരി വി.എന്‍. സോമന്‍, വിഎസ്എസ് വര്‍ക്കിങ് പ്രസിഡന്റ് ബി. ശശാങ്കന്‍, വേട്ടുവ മഹാസഭ നേതാവ് കരുണാകരന്‍, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് അഡ്വ:പി. സുധീര്‍, ഷാജുമോന്‍ വട്ടേക്കാട്, ബിജെപി നേതാക്കളായ ഡോ:പിപി, വാവ, പി.എം. വേലായുധന്‍, അഡ്വ:എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments