KeralaLatest NewsNews

അച്ഛൻ വരാത്തതെന്തെന്ന ആര്യനന്ദയുടെ ചോദ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ്‌ അഖില : പോലീസ് ചവിട്ടിയരച്ചത് ഒരു കുടുംബത്തിന്റെ ആശ്രയത്തെ

വരാപ്പുഴ : കുഞ്ഞു ആര്യനന്ദ പതിവുപോലെ വീട്ടുമുറ്റത്ത് കളിയില്‍ തന്നെയാണ്. അച്ഛന്‍ ശ്രീജിത്ത് പുതുതായി വാങ്ങിനല്‍കിയ പാവക്കുട്ടിയുമുണ്ട് കൂടെ. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസമായതിനാല്‍ അച്ഛന്‍ പുതിയ കളിപ്പാട്ടം വാങ്ങിക്കൊടുക്കുമെന്ന് ഏറ്റിരുന്നതാണ്. അത് കിട്ടുമെന്ന സന്തോഷത്തിലായിരുന്നു അവള്‍. രണ്ടുദിവസമായി അച്ഛനെ കാണാതായതോടെ അവള്‍ അടിക്കടി അമ്മയോട് തിരക്കുന്നുമുണ്ട്. അച്ഛന്‍ വരാത്തതെന്താണെന്നും തനിക്ക് കളിപ്പാട്ടം വാങ്ങിത്തരാത്തത് എന്താണെന്നും ചോദിക്കുന്നുമുണ്ട്.

അച്ഛന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് പറയാനാകാതെ അമ്മ അഖില ഉള്ളുരുകി കരയുകയാണ്. ശ്രീജിത്തിന്റെ മൃതദേഹം രാത്രിയില്‍ വീട്ടിലെത്തിയപ്പോഴും ആര്യനന്ദയ്ക്ക് കാര്യം പിടികിട്ടിയിട്ടില്ല. എല്ലാവരും അലമുറയിട്ട് കരയുന്നത് കണ്ട് അവളും കരഞ്ഞു. ശ്രീജിത്തിന്റെ മരണത്തോടെ നഷ്ടപ്പെട്ടത് ഒരു വീടിന്റെ അത്താണിയാണ്. ടൈല്‍സ് പണിക്കാരനായ ശ്രീജിത്തിന്റെ വരുമാനമാണ് ഈ വീടിന്റെ ആശ്രയം. മൂത്ത സഹോദരന് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.

ഇളയ സഹോദരനും കാര്യമായ ജോലിയില്ല.ശ്രീജിത്ത് ഏതെങ്കിലും പ്രശ്‌നത്തിന് പോകുമെന്ന് വീട്ടുകാരോ ബന്ധുകളോ വിശ്വസിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരോട് ശ്രീജിത്തിന്റെ അമ്മ കാലുപിടിച്ച്‌ കരഞ്ഞതാണ്. സൗഹൃദങ്ങള്‍ക്ക് വിലകൊടുക്കുന്നയാളാണ് ശ്രീജിത്തെന്ന് സുഹൃത്തുക്കളും പറയുന്നു. ശ്രീജിത്തിന്റെ സൗഹൃദവലയത്തില്‍ ഒട്ടേറെ പേരുണ്ടായിരുന്നു. അതില്‍ ഒരാളാണ് മരിച്ച വാസുദേവന്റെ മകന്‍ വീനീഷ് എന്നും സുഹൃത്തുക്കള്‍ പറയുന്നു. ഏറെ പരിശ്രമിയായിരുന്നു ശ്രീജിത്ത്.

ടൈല്‍ പണി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അച്ഛനൊപ്പം ചെമ്മീന്‍കെട്ടില്‍ മീന്‍ പിടിക്കാനും പോകും. മാര്‍ക്കറ്റില്‍ മീന്‍ കൊണ്ടുക്കൊടുക്കുന്നതും പലപ്പോഴും ശ്രീജിത്ത് തന്നെ.ശ്രീജിത്തും ഭാര്യയും മകളും അടങ്ങുന്ന കുടുംബം മറ്റു രണ്ട് സഹോദരന്‍മാര്‍ക്കൊപ്പമാണ് ദേവസ്വംപാടത്തെ വീട്ടില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി ഊണുകഴിഞ്ഞ് വീടിന്റെ വരാന്തയില്‍ കിടക്കുമ്പോഴായിരുന്നു ശ്രീജിത്തിനെ മഫ്ടിയിലെത്തിയ പോലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ശ്രീജിത്തിന് അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസ് വെട്ടിലായി.

വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരില്‍ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയില്‍ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാന്‍ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച്‌ മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെറുകുടലിലും മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പൊലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.

വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലെന്ന് ആത്മഹത്യ ചെയ്തയാളുടെ മകന്‍ അതിനിടെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ഇടയാക്കിയ സംഭവവും പൊലീസിന് പറ്റിയ അബദ്ധം തെളിയിക്കുന്നതായി. വീട്ടുടമയുടെ ആത്മഹത്യാ കേസില്‍ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇക്കാര്യം വ്യക്തമാക്കി മരിച്ച ആളിന്റെ മകന്‍ വിനീഷും രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം രാത്രി വൈകി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button