ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ. കണ്മുന്നിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടി. ഇങ്ങനെ തല്ലല്ലേ സാറമ്മാരേഎന്ന് കരഞ്ഞു വിളിച്ചിട്ടും കേട്ടില്ല. അമ്മ ശ്യാമളയും ഭാര്യ അഖിലയും ചങ്കുപൊട്ടി നിലവിളിച്ചിട്ടും കൂട്ടാക്കാതെ അവരെ തട്ടിമാറ്റിയും ശ്രീജിത്തിനെ ചവിട്ടിക്കൂട്ടിയും മഫ്തിയിലെത്തിയ പോലീസുകാര്‍ ആ ചെറുപ്പക്കാരനെ ജീപ്പിലേക്കിട്ടു. പിന്നെ ശ്യാമളയ്ക്ക് തിരികെ കിട്ടിയത് മകന്റെ ചലമറ്റ ശരീരമാണ്. പോലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് അമ്മ അടക്കമുള്ള കുടുംബാംഗങ്ങള്‍ ശക്തമായി ആരോപിക്കുന്നു.
ദാഹിച്ചു ചോദിച്ചപ്പോൾ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ദേവസ്വംപാടത്തെ വീട്ടില്‍ നിന്നുമുയരുന്ന ശ്യാമളയുടേയും അഖിലയുടേയും നിലവിളികള്‍ ഹൃദയഭേദകമാണ്. അച്ഛന്‍ പോയതറിയാത്ത മൂന്നരവയസ്സുകാരി മകളും ഈ വീട്ടിലുണ്ട്. കസ്റ്റഡിയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തിലാവാം പരിക്ക് പറ്റിയത് എന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ശ്രീജിത്ത് ആ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അക്രമം നടന്ന സ്ഥലത്തു പോയിട്ടില്ലെന്നുമാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
ശ്രീജിത്തിനെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചിട്ടുണ്ടെന്ന് അമ്മ ശ്യാമള ആരോപിക്കുന്നു. മകനെ പോലീസുകാര്‍ തല്ലിക്കൊന്നത് തന്നെയാണെന്ന് ഈ അമ്മ നെഞ്ച് പൊട്ടി പറയുന്നു. എന്റെ മോന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.. അവനെ കൊണ്ടുപോകല്ലേ സാറമ്മാരെ എന്ന് ശ്രീജിത്തിന്റെ അമ്മ നിലവിളിച്ചതൊന്നും പോലീസിന്റെ ചെവിയില്‍ കയറിയതേ ഇല്ല. ഭാര്യ അഖിലയും കണ്ണീരോടെ പോലീസിന് മുന്നില്‍ കൈകൂപ്പി നിന്നു. വീട്ടില്‍ നിന്നും വലിച്ചിറക്കവേ പോലീസുകാര്‍ ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി. തൊട്ടടുത്തുള്ള ജംഗ്ഷനിലിട്ടും ശ്രീജിത്തിനെ പോലീസ് ചവിട്ടിയെന്ന് അമ്മ പറയുന്നു.
അത് കണ്ട് ഇങ്ങനെ തല്ലല്ലേ സാറമ്മാരേ.. അവന് മൂന്നരവയസ്സുള്ള ഒരു പെണ്‍കുഞ്ഞുള്ളതാ.. അവനെ വിട്ടേക്ക് സാറേ എന്ന് നിലവിളിക്കാനെ ശ്യാമളയ്ക്കായുളളൂ. എന്നാല്‍ ആ അമ്മയെ തള്ളിമാറ്റി പോലീസ് മകനെ കൊണ്ടുപോവുക തന്നെ ചെയ്തു.പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ ശ്രീജിത്ത് അമ്മയോട് വെള്ളം ചോദിച്ചു. ഒരു പാത്രത്തില്‍ വെള്ളം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് പോലും പോലീസ് സമ്മതിച്ചില്ലെന്ന് ശ്യാമള പറയുന്നു. വയറ് പൊത്തിപ്പിടിച്ചാണ് അവന്‍ കരഞ്ഞുകൊണ്ടിരുന്നത്. വയറ് വേദനിക്കുന്നുവെന്ന് അവന്‍ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഒരു തുള്ളി വെള്ളം നല്‍കാന്‍ പോലും പോലീസ് സമ്മതിച്ചില്ല. തങ്ങളെ പോലീസുകാര്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് ആട്ടിയോടിച്ചു. ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുത്.കടുത്ത മര്‍ദ്ദനമേറ്റ് വയറിന് വേദനയുണ്ടായ ശ്രീജിത്ത് നിരവധി തവണ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. ഒടുവില്‍ ശ്രീജിത്ത് തീരെ അവശനാണ് എന്ന് വന്നപ്പോഴാണ് പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായത്. അത് പോലീസ് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഈ അമ്മ പറയുന്നു.ദേവസ്വംപാടത്ത് നടന്ന അതിക്രമത്തില്‍ മക്കള്‍ രണ്ട് പേരും ഉള്‍പ്പെട്ടിട്ടില്ലെന്നും ശ്യാമള പറയുന്നു.
ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്തും പോലീസിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ചവിട്ടേറ്റ് കുടല്‍ പൊട്ടിയതായും ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് ര്ഞ്ജിത്ത് പറയുന്നു. ആന്തരികാവയവങ്ങളിലെ ക്ഷതവും രക്തസ്രാവവും ആണ് മരണത്തിന് കാരണമായിരിക്കുന്നത്. അതിക്രൂര മര്‍ദ്ദനമാണ് ശ്രീജിത്തിനേറ്റതെന്ന് വ്യക്തമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഢനങ്ങളാണ്.
മാറി മാറിയുള്ള ക്രൂരമായി മര്‍ദ്ദനങ്ങളുടെ ഭാഗമായി ശ്രീജിത്തിന്‍റെ വന്‍കുടല്‍ പലയിടത്തും മുറിഞ്ഞു. പുറമേ രക്തം വരാത്ത രീതിയിലുള്ള മൂന്നാം മുറ പ്രയോഗം തന്നെയായിരുന്നുവെന്നാണ് ശ്രീജിത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Post Your Comments