ജയ്പൂര്‍•രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മനംനൊന്ത് രാഷ്ടീയ സ്വയംസേവക് സംഘ് പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ചു. ജയ്പൂരിലെ വൈശാലി നഗര്‍ പ്രദേശത്താണ് സംഭവം. 45 കാരനായ രഗുവീര്‍ ശരണ്‍ ആണ് മരിച്ചത്.
പട്ടികജാതി-വർഗ പ്രക്ഷോഭത്തിനിടെയുള്ള രാജ്യത്തിന്‍റെ അവസ്ഥയില്‍ ശരണ്‍ അതീവ ദുഖിതനായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം, ജാതീയ സംഘർഷം തുടങ്ങിയവയാണ് ശരണിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
സ്വയം തീകൊളുത്തിയ ശേഷം ശരണ്‍ വൈശാലി നഗറിലൂടെ ‘ഭരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചുകൊണ്ട് 100 മീറ്ററോളം ഓടുകയും ചെയ്തു. ഒരാള്‍ തീപിടിച്ച് ഓടുന്നത് കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഒടുവില്‍ നിരവധി പേര്‍ ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.
മരുന്ന് വിതരണക്കാരനായിരുന്നു ശരണ്‍. സവായ് മാന്‍ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണിനെ പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിന്റെ 80% ത്തോളം പൊള്ളലേറ്റ ശരണ്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജാതി അടിസ്ഥനത്തിലുള്ള സംവരണത്തിലും അടുത്തിടെ പട്ടിക ജാതി-പട്ടിക വര്‍ഗ നിയമത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലും ശരണ്‍ അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു.
മരിക്കുന്നതിന് മുന്‍പ് ശരണ്‍ മൂന്ന് കത്തുകള്‍ എഴുതിയിരുന്നു. നമ്മള്‍ ഭാരത്തിന്റെ മക്കള്‍ എല്ലാവരും സുഖമായി ജീവിക്കണമെന്നും രാജ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ ഗൂഡാലോചനയില്‍ വീഴരുതെന്നും കത്തില്‍ ശരണ്‍ പറയുന്നു.
ജാതീയ അക്രമങ്ങളിലും രാജ്യത്ത് വ്യാപിക്കുന്ന അരാജകത്വത്തിലും ശരണ്‍ അസ്വസ്ഥനായിരുന്നുവെന്ന് ആര്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തോട് വളരേയധികം സെന്‍സിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് സമൂഹത്തെയും രാജ്യത്തെയും ഈ രീതിയില്‍ നശിപ്പിക്കുന്നത് കാണാന്‍ കഴിയുമായിരുന്നില്ല. ഏപ്രില്‍ 10 ന് ഭാരത് ബന്ദ് ആണെന്ന അഭ്യൂഹവും ശരണിനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നതായി ആര്‍.എസ്.എസ് പറഞ്ഞു.
Post Your Comments