ന്യൂഡല്‍ഹി: എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഒരു വിഭാഗത്തില്‍പ്പെട്ട എ.ടി.എം കാര്‍ഡുകള്‍ ഉടന്‍ അസാധുവാകും. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളാണ് ഡിസംബര്‍ 31 മുതല്‍ അസാധുവാകുന്നത്.
നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇ.എം.വി കാര്‍ഡുകളിലേക്കു മാറാനുള്ള തീരുമാനത്തിലെത്തിയത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇ.എം.വി. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്‍കിത്തുടങ്ങി. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും.
ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം.
പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇ.എം.വി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കുന്നു.
Post Your Comments