KeralaLatest NewsNews

ഭാര്യയെ കണ്ടു മടങ്ങിയ യുവാവിനെ കോന്നിയിൽ കടുവ കൊന്നു ഭക്ഷിച്ചു

കോന്നി: ഉള്‍വനത്തില്‍ യുവാവിന്റെ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന്‌ ശേഷം ഭക്ഷിച്ചതാകാമെന്ന്‌ വനപാലകരുടെയും പോലീസിന്റെയും സ്‌ഥിരീകരണം. കൊക്കാത്തോട്‌ സ്വദേശി കിഴക്കേതില്‍ രവി (44)യുടെ ശരീര ഭാഗങ്ങളാണ്‌ ഇന്നലെ രാവിലെ പതിനൊന്നോടെ കോന്നി വനം ഡിവിഷനിലെ നടുവത്തു മൂഴി റേഞ്ചില്‍ വല്യ ഇലവില്‍ കണ്ടെത്തിയത്‌. രവിയുടെ ഭാര്യ ബിന്ദു വനം വാച്ചറായി ജോലി ചെയ്യുകയാണ്‌.

ഇവിടേക്ക്‌ ശനിയാഴ്‌ച ഉച്ചയോടെ രവി ചെന്നിരുന്നു. ഭര്‍ത്താവ്‌ വന്നതിന്‌ പിന്നാലെ ബിന്ദു കോന്നിയിലെ ബന്ധു വീട്ടിലേക്ക്‌ പോയിരുന്നു. തിരികെ വന്നപ്പോള്‍ രവിയെ കാണാതായതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വന സംരക്ഷണ സമിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ ഉള്‍വനത്തിലേക്ക്‌ തെരച്ചില്‍ നടത്തിയപ്പോള്‍ ആനത്തോട്‌ ഭാഗത്ത്‌ ഇയാളുടെ ചെരുപ്പും, കൈലിയും കണ്ടെത്തി. തെരച്ചില്‍ തുടര്‍ന്നപ്പോള്‍ കടുവയുടെ കാല്‍പ്പാടും മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണവും കണ്ടു. തെരച്ചില്‍ സംഘം വനത്തിലൂടെ ഉള്ളിലേക്ക്‌ കടന്നപ്പോള്‍ രവിയുടെ ശിരസും, വലതു കൈയും, ഒരു കാലിന്റെ മുട്ടിന്റെ താഴോട്ടുള്ള ഭാഗവും കണ്ടെത്തുകയായിരുന്നു.

മറ്റുള്ള ശരീരഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചു. വനത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ മാറിയാണ്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. വിഗദ്ധ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടും രോമങ്ങളും കണ്ടെത്തി. വിവരമറിഞ്ഞ്‌ സ്‌ഥലത്ത്‌ എത്തിയ വനപാലകരും പോലീസും നടത്തിയ അന്വേഷണത്തിലാണ്‌ കടുവയുടെ ആക്രമണം സ്‌ഥിരീകരിച്ചത്‌. രവിയുടെ ശരീര ഭാഗങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വനവുമായി ബന്ധപ്പെട്ട്‌ താല്‍കാലിക ജോലി ചെയ്‌തിരുന്ന രവി ഫയര്‍ വാച്ചറായും പ്രവര്‍ത്തിച്ചിരുന്നു.

ഇടയ്‌ക്കിടെ വിറകും മറ്റും ശേഖരിക്കാന്‍ ഗ്രാമീണര്‍ വനത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ പതിവാണെന്ന്‌ കോന്നി ഡി.എഫ്‌.ഒ. എസ്‌.ജി. മഹേഷ്‌കുമാര്‍ പറഞ്ഞു.നടുവത്തുമൂഴി റേഞ്ച്‌ ഓഫീസര്‍ റഹിംകുട്ടി, കോന്നി എസ്‌.ഐ. ബാബു ഇബ്രാഹിം, ശാസ്‌ത്രീയ പരിശോധനാ വിദഗ്‌ധ ലീന എസ്‌. നായര്‍ എന്നിവരെത്തിയാണ്‌ മേല്‍ നടപടി സ്വീകരിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button