KeralaLatest NewsNews

എട്ടാം വയസ്സില്‍ കൈവിട്ടു പോയ ജോര്‍ജ്ജ് എന്ന സഹോദരനെ അറുപത്തിയെട്ടാം വയസ്സിൽ അബൂബക്കറായി കണ്ടെത്തി : അപൂർവ്വ സംഗമത്തിന്റെ കഥ

ഇരിട്ടി: എട്ടാം വയസ്സില്‍ കൈവിട്ടു പോയ സഹോദരനെ ഗ്രേസി കണ്ടുമുട്ടിയത് 68-ാം വയസ്സില്‍. എന്നാല്‍ ജോര്‍ജ്ജ് എന്ന സഹോദരന്‍ ഇപ്പോള്‍ അബൂബക്കറാണ്.അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആ സഹോദര ബന്ധത്തിന് സാക്ഷികളായത് ജോര്‍ജ് എന്ന അബൂബക്കറിന്റെയും സഹോദരി ഗ്രേസിയുടേയും മാത്യുവിന്റെയും മക്കളും മരുമക്കളും ചെറുമക്കളും എല്ലാം. ആ കൂടിച്ചേരലില്‍ അബൂബക്കര്‍ വര്‍ഷങ്ങളോളം കടലായി കൊണ്ടു നടന്ന വിഷമങ്ങള്‍ എല്ലാം അലിഞ്ഞില്ലാതായി.

ഇരിട്ടി പടിയൂരില്‍ പുത്തന്‍പറമ്ബില്‍ ചാക്കോയുടെയും മറിയത്തിന്റെയും പത്തു മക്കളില്‍ ഒന്‍പതാമനായ ജോര്‍ജ് എട്ടാം വയസ്സിലാണ് കൂടുപ്പിറപ്പുകളെ ഉപേക്ഷിച്ച്‌ വീടുവിട്ടത്. ഇവരുടെ അമ്മ നന്നേ ചെറുപ്പത്തിലേ മരിച്ചു. ഇതോടെ ജോർജ്ജും സഹോദരി ഗ്രേസിയും ഇടുക്കി വണ്ടിപ്പെരിയാറിലുള്ള് അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റി. അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മാവന്റെ വീട്ടിലെ താമസം വളരെ ദുരിത പൂര്‍ണമായിരുന്നു. ഇതോടെ എട്ടാം വയസ്സില്‍ ജോര്‍ജ് നാടു വിട്ടു. മനസ്സില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പണം സമ്പാദിക്കണം.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ജോലി തേടി 20 വയസ്സുവരെ അലഞ്ഞു. അതിന് ശേഷം പട്ടാളത്തില്‍ ജോലി കിട്ടി. ഏഴര വര്‍ഷം പട്ടാളത്തില്‍. അതിനിടെ ചേര്‍ത്തു കൂട്ടിയ സമ്പാദ്യവുമായി ഒരു കപ്പലില്‍ ജോലിക്ക് കയറി. എന്നാല്‍ സഹോദരങ്ങള്‍ക്ക് വേണ്ടി സമ്പാദിച്ചു കൂട്ടിയ പണം സൂക്ഷിച്ചിരുന്ന പെട്ടി കളവു പോയി.സ്വരുക്കൂട്ടിയ പണമെല്ലാം നഷ്ടമായതോടെ ജോര്‍ജ് വീണ്ടും അലച്ചില്‍ തുടങ്ങി. ഒടുവില്‍ വയനാട്ടില്‍ എത്തിച്ചേര്‍ന്നു. കൂലിപ്പണി ചെയ്ത് ജീവിതം തുടങ്ങിയ ജോര്‍ജ് അതോടെ തന്റെ ജീവിതം അവിടെ കുരുപ്പിടുപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മുപ്പതാം വയസ്സില്‍ അടിവാരത്തുകാരിയായ മറിയത്തെ വിവാഹം ചെയ്തു.

മുസ്ലിം ആയ മറിയത്തെ വിവാഹം ചെയ്യാന്‍ ഇസ്ലാമായി മതം മാറുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി. ജോര്‍ജ് എന്ന അബൂബക്കറിന് മക്കളായി മരുമക്കളായി, കൊച്ചു മക്കളും ആയി. എന്നിട്ടും മനസ്സിന്റെ കോണില്‍ ആ ആഗ്രഹം അപ്പോഴും കിടന്നിരുന്നു. തന്റെ സഹോദരങ്ങളെ ഒരു വട്ടമെങ്കിലും കാണണം. അപ്പോഴേക്കും ജന്മനാട് കണ്ണൂരെന്നതിലുപരി പല ഓര്‍മകളും ജോര്‍ജിന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിരുന്നു. കുടുംബത്തെ കണ്ടു പിടിക്കണമെന്ന ആഗ്രഹം വെള്ളലത്ത് അബ്ദുറഹിമാന്‍ എന്ന സുഹൃത്തിനോട് പങ്കുവെച്ചു.

എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒടുവില്‍ അബൂബക്കര്‍ നാടുവിട്ടു പോവാന്‍ കാരണമായ വണ്ടിപ്പെരിയാറിലെ അമ്മാവന്റെ മകനെ കണ്ടെത്തി. പിന്നീട് തന്റെ കുടുംബത്തില്‍ മാത്യു എന്ന സഹോദരനും ഗ്രേസിയെന്ന സഹോദരിയും മാത്രമാണ് ഉള്ളതെന്ന് മനസ്സിലായി. സഹോദരന്റെ കുടുംബത്തെ കാണാന്‍ ഇന്നലെയാണ് ഗ്രേസിയും മാത്യുവും കുടുംബാംഗങ്ങളുമായി വയനാട്ടിലെത്തിയത്. കണ്ണീരിനിടയിലെ ആ കൂടിച്ചേരൽ കണ്ട് നിന്നവരുടെയും കണ്ണ് നിറയിച്ചു.

shortlink

Related Articles

Post Your Comments


Back to top button