KeralaLatest NewsNews

ജോലി തേടിപ്പോയ മകന്റെ വിളി പ്രതീക്ഷിച്ച് ഒരു ഉമ്മ : കണ്ണീരണിഞ്ഞ ഈ കാത്തിരിപ്പിന് 17 വര്‍ഷം

 

പാപ്പിനിശ്ശേരി: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ ഗുജറാത്തിലേക്ക് ജോലിതേടിപ്പോയ മകന്റെ ഒരു ഫോണ്‍ വിളിയെങ്കിലും കാത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് പാപ്പിനിശ്ശേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ എസ്.പി.സഫിയത്ത്. 1999 ഒക്ടോബറിലാണ് അന്ന് 17 വയസ്സുകാരനായ എസ്.പി.സാദത്ത് വീടുവിട്ടത്. ഇന്ന് ആ മകന്‍ ലോകത്തിന്റെ ഏതെങ്കിലും കോണിലുണ്ടെങ്കില്‍ 35 വയസ്സ് പ്രായമുള്ള തിരിച്ചറിയാന്‍ പറ്റാത്തവിധം ഒരു യുവാവായി മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഈ ഉമ്മ. ഓരോ ദിവസവും വരുന്ന ഏത് ഫോണ്‍ വിളിയും മകന്റേതാണെന്ന പ്രതീക്ഷയില്‍ സഫിയത്ത് ഓടിയെടുക്കുകയാണെന്നാണ് വീട്ടിലെ മറ്റുള്ളവരും പറയുന്നത്.

ഗുജറാത്തിലേക്ക് പോയ സാദത്ത് കുറേ മാസങ്ങള്‍ കൃത്യമായി ഫോണ്‍ ചെയ്തിരുന്നു. ഒരുതവണ ഗുജറാത്തിലുണ്ടായിരുന്ന മാഹിയിലെ സുഹൃത്തുക്കള്‍ മുഖേന വീട്ടില്‍ കുറച്ച് പണവും എത്തിച്ചിരുന്നു. അവര്‍ നല്‍കിയ മേല്‍വിലാസത്തില്‍ പലതവണ കത്തുകള്‍ അയച്ചെങ്കിലും ഒന്നിനും ഒരു മറുപടിയും പിന്നീട് ഉണ്ടായില്ല. അതിനിടയില്‍ ഗുജറാത്തിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. എന്നാല്‍, ആ സമയത്തും സുരക്ഷിതനാണെന്ന് പറഞ്ഞ് ഉമ്മയെ വിളിച്ചിരുന്നു. എന്നാല്‍, ആ നമ്ബര്‍ തിരഞ്ഞുപിടിച്ച് പിന്നീട് വിളിച്ചപ്പോള്‍ അതിനൊന്നും ഒരു മറുപടിയും ഉണ്ടായില്ല. മകന്റെ വേര്‍പാട് സാദത്തിന്റെ ഉപ്പ മുസ്തഫയെയും വല്ലാത്തെ തളര്‍ത്തി. കൂലിപ്പണിക്കാരനായ മുസ്തഫ മകനെത്തേടി മുട്ടാത്ത വാതിലുകളില്ല.

മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പില്‍നിന്നു 2004-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് മകന്റെ ഫോട്ടോ അടക്കം വിശദവിവരങ്ങള്‍ നല്‍കി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. ഒടുവില്‍ ആ പിതാവ് 2008-ല്‍ മകനെ ഒരുനോക്കു കാണാന്‍ സാധിക്കാതെ വിടപറഞ്ഞു. സാദത്തിന്റെ രണ്ടു സഹോദരങ്ങളും നിരവധി ബന്ധുക്കളും പിന്നീട് അന്വേഷണം ഗള്‍ഫിലേക്കും വ്യാപിപ്പിച്ചു.

2011-ല്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ കൂടി സാദത്തിന്റെ തിരോധാന കഥകള്‍ സംപ്രേക്ഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. അതിനിടയില്‍ നാലുവര്‍ഷം മുന്‍പ് ഗള്‍ഫിലെ മനാമയില്‍ വെച്ച് പാപ്പിനിശേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ഒരു യുവാവിനെ കണ്ടതായി പാപ്പിനിശേരി സ്വദേശി ഹംസ എന്നയാള്‍ നാട്ടിലേക്കു വിളിച്ചുപറഞ്ഞിരുന്നു. ആ യുവാവ് സാദത്ത് തന്നെയാണെന്ന ഉറപ്പിന്മേല്‍ പിന്നീട് മാസങ്ങളോളം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനെക്കുറിച്ച് വീണ്ടും ഗള്‍ഫ് മാധ്യമങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

കഴിഞ്ഞ 17 വര്‍ഷമായി മകനെ പ്രതീക്ഷിച്ച് എന്നും പടിവാതില്‍ക്കല്‍ കാത്തിരിക്കുന്ന ആ ഉമ്മയ്ക്ക് ഒരിക്കലെങ്കിലും ആ പൊന്നുമകനെ ഒന്നു കാണണമെന്ന ആഗ്രഹം മാത്രമാണ് ബാക്കിയുള്ളത്.   സാമ്പത്തികമായും ആകെ തളര്‍ന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button