അഹമ്മദ്നഗര്‍•അഹമ്മദ്നഗറില്‍ ശിവസേന സിറ്റി വൈസ് പ്രസിഡന്റ് സഞ്ജയ് കോട്കര്‍, ശിവസേന പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരുടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ.യെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് നിയമസഭ, നിയമസഭാ കൗൺസിൽ അംഗങ്ങളുടെ പേര് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി നിയമസഭാംഗമായ ശിവാജി കര്‍ഡിലെയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. എന്‍.സി.പി നിയമസഭാംഗമായ സംഗറാം ജഗ്താപിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമത്തെ കുറ്റാരോപിതനായ എന്‍.സി.പി നിയമസഭാ കൗൺസിൽ അംഗം അരുണ്‍ ജഗ്താപ് ഇപ്പോഴും അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച അഹമ്മദ്നഗറില്‍ ഉപതെരഞ്ഞെടുപ്പിനിടെയാണ് കൊലപാതകമുണ്ടായത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നഗരസഭാ അംഗം കുറ്റകാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരും വെടിയേറ്റ് മരിച്ചത്.
ഉപതെഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ഥിയെ പിന്തുണച്ചതിന് മൂന്നുപേരും തന്റെ പിതാവിന്റെ ഭീഷണിപ്പെടുത്തിയിരുന്നതായി സഞ്ജയ് കോട്കറിന്റെ മകന്‍ സംഗറാം കോട്കര്‍ ആരോപിച്ചു.
തങ്ങളുടെ ബന്ധുവായ വിശാല്‍ കോട്കറിനെതിരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് മൂന്ന് നിയമസഭാംഗങ്ങളും എതിരായിരുന്നുവെന്ന് കരുതുന്നതായി ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ കുറ്റാരോപിതനായ വിശാല്‍ കോട്കര്‍ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയ് പതാരെയെ പരാജയപ്പെടുത്തിയിരുന്നു. 2012 ല്‍ തന്റെ രാഷ്ട്രീയ എതിരാളിയായ അശോക് ലാന്‍ഡേയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് വിശാലിന്റെ പിതാവും മൂന്ന് കുടുംബാംഗങ്ങളും.
സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടമത്തെ എഫ്.ഐ.ആറിലാണ് ശിവജി കര്‍ഡിലെയുടെ പേരുള്ളത്.
Post Your Comments