KeralaLatest NewsNews

മനസാക്ഷിയില്ലാത്ത ബന്ധുക്കള്‍, വിശപ്പടക്കാന്‍ മധ്യവയസ്‌കന്‍ കഴിച്ചത് മണല്‍

എരുമേലി: മനുഷ്യന് മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബന്ധുക്കളുടെ അവഗണനയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതായാ മധ്യവയസ്‌കന്‍ വിശപ്പടക്കാന്‍ മണല്‍ വാരി തിന്നു. എരുമേലിക്ക് സമീപം ഇന്നലെ രാവിലെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ സഹായവുമായി എത്തി. തേനി പെരിയകുളം സ്വദേശി ഗുരുസ്വാമി(53)ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.

രണ്ടാഴ്ച മുമ്പാണ് നിര്‍മാണജോലികള്‍ക്കായി ഗുരു സ്വാമി ശബരിമലയില്‍ എത്തിയത്. എന്നാല്‍ കാലിന് നീര് വന്നതോടെ ജോലി ചെയ്യാന്‍ പറ്റാതായി. ഇതോടെ നാട്ടിലേക്ക് പോകാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ജോലിക്ക് എത്തിച്ച ബന്ധുക്കള്‍ നല്‍കിയില്ല. ഇതോടെ ഗുരുസ്വാമി മലയിറങ്ങുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകള്‍ നടന്ന ശേഷം ഒരു കെഎസ്ആര്‍ടിസി ബസില്‍ കയറി എരുമേലിയിലെത്തി. ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന പണം ബസ് കൂലിയായി കൊടുത്തിരുന്നതിനാല്‍ ഭക്ഷണം വാങ്ങാനും കാശ് ഉണ്ടായിരുന്നില്ല.

also read: മനസാക്ഷിയെ ഞെട്ടിക്കുന്ന നേപ്പാളിലെ ആചാരം, ചിത്രങ്ങള്‍ കാണാം

എരുമേലിയിലൂടെ നടക്കവെ വിശപ്പ് സഹിക്കാനാവാതെ വന്നതോടെ ഗുരുസ്വാമി മണല്‍ വാരി തിന്നുകയായിരുന്നു. കടലാസില്‍ മണല്‍ ശേഖരിച്ച് വായിലിടുന്നത് ടൗണിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആദ്യം കണ്ടത്. ഇവര്‍ ബഹളംവച്ച് ആളെ കൂട്ടി. ഉടന്‍ തന്നെ സമീപ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് കടയില്‍നിന്നു ഭക്ഷണം വാങ്ങി നല്‍കി.

എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി ഗുരുസ്വാമിയെ തേനിയിലേക്കയച്ചു. നാട്ടുകാരും വ്യാപാരികളും പോലീസും യാത്രാച്ചെലവിനുള്ള പണവും സംഘടിപ്പിച്ചു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button