Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29) കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. തീവ്ര ദു:ഖത്തിലും മറ്റുള്ളവരിലൂടെ മകന്‍ ജീവിച്ച് കാണാനായി കൈ ഉള്‍പ്പെടെയുള്ള അവയങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇവരുടെ കുടുംബത്തിന് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

തന്റെ പ്രിയപ്പെട്ട മകന്റെ അവയവങ്ങള്‍ സ്വീകരിച്ചവരെ ഒന്ന് കണ്ടാല്‍ നന്നായിരിക്കുമെന്ന് അമ്മ സീത മന്ത്രിയോടാവശ്യപ്പെട്ടു. അവയവങ്ങള്‍ ദാനം ചെയ്ത എല്ലാവരുടേയും ശസ്ത്രക്രിയകള്‍ വിജയമാണെന്നും അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയുമാണെന്നും മന്ത്രി അറിയിച്ചു. കുറച്ച് ദിവസം അവര്‍ക്ക് ചികിത്സയില്‍ കഴിയേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ അവരെ കാണാനുള്ള സാഹചര്യമൊരുക്കുന്നതാണ്.

സാമ്പത്തികപരമായി പിന്നാക്കമുള്ള കുടുംബമാണ് അരുണ്‍ രാജിന്റേത്. അച്ഛന്‍ രാജന്‍ തൊട്ടടുത്തുള്ള ചായക്കടയിലാണ് ജോലി ചെയ്യുന്നത്. അരുണ്‍രാജ് നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു. പഠനശേഷം അനുജനായ അഖില്‍രാജ് ചെറിയൊരു ജോലിയ്ക്കായി സിംഗപൂരിലായിരുന്നു. ജേഷ്ഠന്റെ മസ്തിഷ്‌ക മരണ വാര്‍ത്തയറിഞ്ഞാണ് അഖില്‍ നാട്ടിലെത്തിയത്. വേദനയില്‍ കഴിയുന്ന മാതാപിതാക്കളെ തനിച്ചാക്കി ഇനിയങ്ങോട്ട് പോകുന്നില്ലെന്നാണ് അഖില്‍ രാജിന്റെ തീരുമാനം.

അരുണ്‍രാജിന് വിവാഹ ആലോചനകള്‍ നടന്നു വരുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. സുഹൃത്തായ വിഷ്ണുവും അങ്കമാലി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണുമായ എം.എ. ഗ്രേസി ടീച്ചറുമാണ് അവയവദാനത്തിനായി വീട്ടുകാരോട് പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ആ കൈകള്‍ ഉപകാരപ്പെടുമെങ്കില്‍ അതുമാകട്ടെയെന്നാണ് ആ വീട്ടുകാര്‍ പറഞ്ഞത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്തത് ആദ്യത്തെ സംഭവമായി മാറി.

ഹൃദയം ലഭിച്ച ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19 കാന്റെ ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൈകളും കരളും ഒരു വൃക്കയും ലഭിച്ച കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ശസ്ത്രക്രിയകള്‍ വളരെ വിജയമായിരുന്നു. കണ്ണുകള്‍ ലഭിച്ച ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ രോഗികളും ഒരു വൃക്ക ലഭിച്ച കോട്ടയം മെഡിക്കല്‍ കോളിജിലെ രോഗിയും സുഖം പ്രാപിച്ചു വരുന്നതായും അതത് ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button