KeralaLatest NewsNews

വിദേശത്തു നിന്നെത്തി റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തി മടങ്ങിയെന്ന് പോലീസ്‌

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിനായി വിദേശത്തും നാട്ടിലും കൃത്യമായ ആസൂത്രണം നടന്നതായി രഹസ്യ റിപ്പോര്‍ട്ട്. വിദേശത്തു നിന്നെത്തി കൊല നടത്തിയ ശേഷം മുഖ്യപ്രതി അടുത്ത ദിവസം തന്നെ വിദേശത്തേക്ക് കടന്നു. കൃത്യം നടത്താന്‍ ഗള്‍ഫില്‍നിന്നു വന്നതായി പോലീസ് കരുതുന്ന അലിഭായി, സംഭവത്തിന് അഞ്ചു ദിവസം മുമ്പ് മാത്രമാണു തലസ്ഥാനത്തെത്തിയതെന്നാണ് വിവരം.

കായംകുളം സ്വദേശി അപ്പുണ്ണിയാണു കൃത്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. ഇവരെ സഹായിക്കാന്‍ സ്ഫടികം ജോസ്, കോടാലി സുരേഷ് എന്നിവരുമുണ്ടായിരുന്നതായി പ്രത്യേകസംഘം സംശയിക്കുന്നു. കായംകുളം അപ്പുണ്ണിയുടെ നേതൃത്വത്തിലാണു കാറും മറ്റ് സന്നാഹങ്ങളും ഒരുക്കിയത്.

also read: റേഡിയോ ജോക്കിയുടെ കൊലപാതകം, ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി

അലിഭായി നാട്ടിലെത്തി രാജേഷിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം അപ്പുണ്ണിയുടെ സഹായത്തോടെ കൊല നടത്തുകയായിരുന്നുവെന്നും ഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായി രാജേഷ് അടുപ്പം പുലര്‍ത്തിയതിന്റെ പേരിലാണു കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ നിഗമനം.

രാജേഷിനെ ആക്രമിക്കുമ്പോഴുള്ള ദയനീയരോദനം തന്റെ ഭാര്യയെ ഫോണിലൂടെ കേള്‍പ്പിക്കണമെന്നു വ്യവസായി നിര്‍ദേശം നല്‍കിയിരുന്നതായി സൂചനയുണ്ട്. കൊലപാതകം നടന്ന സമയത്തു രാജേഷും യുവതിയും തമ്മില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പുണ്ണിയടക്കമുള്ള മറ്റു മൂന്നു പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ അന്വേഷണസംഘം അലിഭായി വിദേശത്തേക്കു കടന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായി ഉള്‍പ്പെടെ രണ്ടുപേര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും അതിനുമുമ്പേ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

രാജേഷിന്റെ സ്റ്റുഡിയോയില്‍ അലിഭായി മണിക്കൂറോളം ചെലവഴിച്ചു. സ്റ്റുഡിയോയിലെ സി സി ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സീരിയല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു സഹകരണം അഭ്യര്‍ഥിച്ചാണ് അലിഭായി സ്റ്റുഡിയോയിലെത്തിയത്. അതേസമയം രാജേഷിനെ കൊലപ്പെടുത്താനല്ല, കൈയും കാലും വെട്ടിമാറ്റാനായിരുന്നു വിദേശത്തുനിന്നുള്ള ക്വട്ടേഷനെന്നും സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button