കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ വധിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കണ്ടെത്തി. കന്നേറ്റിപ്പാലത്തിനു സമീപമുള്ള പുഴയില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെത്തിയാണ് ഇന്നു വെളുപ്പിന് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും മൂര്‍ച്ചയേറിയ മറ്റൊരു വാക്കത്തിയുമാണ് കണ്ടെടുത്തത്.
പുഴയും പാലവും ചേരുന്ന ഭാഗത്ത് ചുഴിയില്‍ താഴ്ന്ന നിലയിലായിരുന്നു ആയുധങ്ങള്‍. കക്കവാരല്‍ തൊളിലാളികള്‍ക്കും കോസ്റ്റ്ഗാര്‍ഡിന്‌റെ വിദഗ്ധ മുങ്ങല്‍ സംഘത്തിനും ആയുധങ്ങള്‍ മുങ്ങിയെടുക്കാന്‍ ഏറെ നേരം പരിശ്രമിക്കേണ്ടി വന്നു. ആയുധങ്ങള്‍ കണ്ടെത്താന്‍ ചൊവ്വാഴ്ച്ച തിരച്ചില്‍ ശക്തിപ്പെടുത്തിയെങ്കിലും ശ്രമം പരാജയമായിരുന്നു ഫലം. ഇതോടെ ബുധനാഴ്ച്ച വെളുപ്പിനു ആറു മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു.
കേസില്‍ പ്രതികളായ അലിഭായി എന്ന ജെ.മുഹമ്മദ് സാലിഹ്, തന്‍സീര്‍ എന്നിവരെ ആറ്റിങ്ങലില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്. കൃത്യം നടത്തിയ ശേഷം രണ്ട് ആയുധങ്ങള്‍ സംഭവസ്ഥലത്തും രണ്ടെണ്ണം കന്നേറ്റിപാലത്തു നിന്നു പുഴയുടെ ഭാഗത്തും ഉപേക്ഷിച്ചെന്നാണ് ഇവര്‍ നല്‍കിയ മൊഴി. കൃത്യം നടത്തിയ സമയത്ത് രക്തത്തില്‍ ചവിട്ടി പ്രതി തന്‍സീര്‍ വീഴുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ വസ്ത്രത്തില്‍ മുഴുവന്‍ രക്തക്കറയായി. ആ വസ്ത്രവും പാലത്തിനു സമീപം ഉപേക്ഷിച്ചെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തിരച്ചിലില്‍ ഇവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലിസ് പ്രതികളെ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുപോയി.
Post Your Comments