സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അര്‍ധസൈനികര്‍ ജാഗ്രത പാലിക്കുക. ഗവേഷകര്‍, ടൂറിസ്റ്റുകള്‍ എന്നപേരില്‍ വരുന്ന സ്ത്രീകളുടെ സൗഹൃദാഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിനുമുന്‍പ് സൂക്ഷിക്കുക. അര്‍ധസൈനികരുടെ സാമൂഹികമാധ്യമ നിരീക്ഷണ സെല്ലുകളുടെ മുന്നറിയിപ്പാണിത്. മൂന്നുവര്‍ഷത്തിനിടയില്‍ ചില അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍നിന്നാണെന്ന സംശയത്തിലാണവര്‍. രഹസ്യസ്വഭാവമുള്ള സൈനികവിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണിതെന്നും അവര്‍ പറയുന്നു.
ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ പ്രതിരോധസംവിധാനമുള്ളതിനാല്‍ രഹസ്യസ്വഭാവമുള്ള രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.കിഴക്ക്, പടിഞ്ഞാറ് അതിര്‍ത്തികളിലെ ബി.എസ്.എഫ്., ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.), സി.ആര്‍.പി.എഫ്. എന്നിവയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ഇത്തരം അക്കൗണ്ടുകള്‍ ലക്ഷ്യംവെയ്ക്കുന്നത്.’ഇന്ത്യ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ള സഞ്ചാരികള്‍, ഗവേഷകര്‍ എന്നിവരായി നടിച്ചാണ് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ അയക്കുന്നത്.
ജോലിസംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍, യൂണിഫോം ധരിച്ച ചിത്രങ്ങളിടുന്ന സൈനികര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ഫ്രണ്‍ഡ് റിക്വസ്റ്റുകള്‍ അയക്കുന്നത്. അപരിചിതരുടെ ഇത്തരം അഭ്യര്‍ഥനകള്‍ സ്വീകരിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ പ്രൊഫൈലില്‍ നല്‍കരുതെന്നും സൈനികര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്’- ഒരു ഐ.ടി.ബി.പി. ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീയെന്നുനടിച്ച് സാമൂഹികമാധ്യമത്തിലൂടെ അടുപ്പംകാട്ടിയ രണ്ട് പാക് ഏജന്റുമാര്‍ക്ക് രഹസ്യസ്വഭാവമുള്ള വിവരം ചോര്‍ത്തിയതിന് ഈവര്‍ഷമാദ്യം ഒരു വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത സംഭവം വിവാദമായിരുന്നു.
ഫെയ്‌സ്ബുക്ക് കൂടാതെ ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയവ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. താരതമ്യേന ജൂനിയറായ സൈനികരില്‍നിന്ന് ഇക്കാര്യത്തില്‍ വീഴ്ച വരാറുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. ‘പ്രധാനമേഖലകളില്‍ നിയമിച്ചിരിക്കുന്ന സൈനികരുടെ ശക്തി, അവരുടെ നീക്കം, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചറിയാനാണ് ഇത്തരം വ്യാജ അക്കൗണ്ടുകളില്‍നിന്ന് സൗഹൃദാഭ്യര്‍ഥന വരുന്നത്. അര്‍ധസൈനികരില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെയും യൂണിഫോമുകള്‍ ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്’ -സൈബര്‍ വിദഗ്ധനായ സുബിമല്‍ ഭട്ടാചാര്‍ജി പറയുന്നു.
Post Your Comments