തിരുവനന്തപുരം : പഴയകാല ബന്ധങ്ങള്‍ പുതുക്കാനും, സൗഹൃദങ്ങള്‍ പൊടിതട്ടിയെടുക്കാനുമായി രൂപീകരിച്ച പൂര്‍വ വിദ്യാര്‍ത്ഥി വാട്സാപ്പ് ഗ്രൂപ്പുകള്‍ തലവേദനയാകുന്നു. പൊല്ലാപ്പ് പിടിച്ച് പോലീസും.ഏതാനും വര്‍ഷങ്ങളായി രൂപപ്പെട്ട് തുടങ്ങിയ പൂര്‍വ വിദ്യാര്‍ഥികൂട്ടായ്മയും അതിന്റെ ചുവടുപിടിച്ചുള്ള വാട്സാപ്പ് ഗ്രൂപ്പുകളും ഇപ്പോള്‍ കുടുംബം കലക്കികളാകുന്നതായി ആക്ഷേപം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ തുറന്നു പറച്ചിലുകളും സംശയങ്ങളും കൈയ്യാങ്കളികളിലേക്കും പോലീസ് കേസുകളിലേക്കും വഴിവയ്ക്കുകയാണിപ്പോള്‍. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകമാണ് പൂര്‍വവിദ്യാര്‍ഥികൂട്ടായ്മകളുടെ പിന്‍പറ്റി വാട്സാപ്പ് ഗ്രൂപ്പുകളും രൂപപ്പെട്ടിരിക്കുന്നത്.
സ്‌കൂളിലെയും കോളജിലെയും ക്ലാസുകളുടെയും ബാച്ചുകളുടെയും പേരുകളിലാണ് വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളും ക്രിയാത്മകമായ ചിലകാര്യങ്ങള്‍ ചെയ്യുന്നതായി പറയപ്പെടുന്നതിനിടെയാണ് ഇപ്പോള്‍ കുടുംബം കലക്കി എന്ന പേരും വീണിരിക്കുന്നത്. പത്തും ഇരുപതും വര്‍ഷം മുമ്പുള്ള സഹപാഠികള്‍ ചേര്‍ന്നാണ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയും വാട്സാപ്പ് ഗ്രൂപ്പുകളും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകള്‍ പലപ്പോഴും പഴയകാല ഗോസിപ്പുകള്‍ തുറന്ന് വിടുന്നതിനൊപ്പം പഴയകാലബന്ധകങ്ങളും കഥകളും പുതുക്കുന്നതിനും കാരണമാകുകയാണത്രെ.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ വാട്സാപ്പ് വഴിയുള്ള ദാമ്പത്യകലഹങ്ങളെക്കുറിച്ച് ഒരു ഡസനിലേറെ പരാതികളാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍മാത്രം ലഭിച്ചത്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വാട്സാപ്പ് ചാറ്റുകളെക്കുറിച്ചുള്ള സംശയങ്ങളാണ് പിന്നീട് കലഹത്തിലേക്ക് വഴിമാറുന്നത്. പൂര്‍വവിദ്യാര്‍ഥികൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഭര്‍ത്താവിന്റെ പഴയകാലകഥകള്‍ കൂട്ടുകാര്‍ പങ്കുവച്ചത് കണ്ടുപിടിച്ച ഭാര്യ പിന്നീട് അതെചൊല്ലി കലഹമാകുകയും പോലീസ് കേസില്‍ അവസാനിക്കുകയുമായിരുന്നു. ഭാര്യ പഠനകാലത്തെ കാമുകനുമായി സകലസമയവും സല്ലാപം പതിവാക്കുകയും ഒടുവില്‍ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൈകാര്യം ചെയ്ത കേസില്‍ അകപ്പെട്ടതിലും വില്ലനായത് വാട്സാപ്പുതന്നെയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നതിലെ ആശങ്കയിലാണ് പോലീസിപ്പോള്‍.
Post Your Comments