Latest NewsKeralaNews

EAST COAST EXCLUSIVE: പ്രവീണ്‍ തൊഗാഡിയ യുഗം അവസാനിപ്പിക്കാന്‍ മോദി- ആര്‍ എസ് എസ് നേതൃത്വം ഒരുങ്ങുന്നു:വിശ്വ ഹിന്ദു പരിഷത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി•പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വം മാറ്റിക്കുവാന്‍ ആര്‍ എസ് എസ് നേതൃത്വം വിശ്വ ഹിന്ദു പരിഷത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതേ ഉദ്ദേശ്യത്തോടെ നടന്ന തിരഞ്ഞെടുപ്പില്‍ തൊണ്ണൂറു ശതമാനത്തോളം വോട്ടു നേടി തൊഗാഡിയ തന്നെ വിജയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ആര്‍ എസ് എസ് നേതൃത്വത്തിനു എതിരെ വി എച്ച് പി യിലെ തന്നെ മുതിര്‍ന്ന പ്രചാരകര്‍ ശബ്ദമുയര്‍ത്തിയതോടുകൂടി ആറു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്താം എന്ന ധാരണയില്‍ പിരിയുകയായിരുന്നു.

ഗുജറാത്തില്‍ ആരംഭിച്ച മോദി-തൊഗാഡിയ ശീതയുദ്ധം ഇപ്പോഴും തുടരുന്നതിന്‍റെ സൂചനയാണ് വി എച്ച് പി യിലെ പുതിയ സംഭവവികാസങ്ങള്‍. തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് തൊഗാഡിയ നിരന്തരം ആരോപണം ഉന്നയിക്കുന്നതും ഇതിന്‍റെ പശ്ചാത്തലത്തിലാണ്‌. യു പി യിലെ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും, ഗുജറാത്തിലെ സീറ്റു കുറയലും ഒക്കെ പ്രവീണ്‍ തൊഗാഡിയയുടെ ഇടപെടലായാണ് മോദി ടീം വ്യാഖ്യാനിക്കുന്നത്.

യോഗി- തൊഗാഡിയ അച്ചുതണ്ട് ഭാവിയിലേക്ക് കടുത്ത ഹിന്ദുത്വ അജണ്ട സ്വീകരിച്ചേക്കുമെന്നും അത് ഇപ്പോഴേ മുന്‍കൂട്ടി കണ്ട് ചെറുക്കണമെന്നുമുള്ള അഭിപ്രായം ആര്‍ എസ് എസ് ലും ശക്തമാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിലുള്‍പ്പെടെയുള്ള പ്രവീണ്‍ തൊഗാഡിയയുടെ കടുംപിടിത്തങ്ങള്‍ സര്‍ക്കാരിനു സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. അതു കൊണ്ട് തന്നെ മോദി- അമിത് ഷാ- ആര്‍ എസ് എസ് കൂട്ടുകെട്ട് ഒരുമിച്ച് നിന്നാണ് പ്രവീണ്‍ തൊഗാഡിയയുടെ പതനം ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുന്നത്. തൊഗാഡിയ വീഴുമോ വാഴുമോയെന്ന് വരുന്ന പതിനാലാം തീയതി അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button