വീട് എല്ലാവരുടെയും സ്വപ്നം. എന്നാല്‍ ഇപ്പോള്‍ വീട് വയ്ക്കാന്‍ തുടങ്ങുന്നവര്‍ക്ക് മുട്ടന്‍ പണികിട്ടുകയാണ്. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച് തലസ്ഥാനത്തു വീണ്ടും നോക്കുകൂലി തര്‍ക്കം. നടന് സുധീര്‍ കരമനയുടെ വീടുപണിക്ക് ഇറക്കിയ സാധനങ്ങള്‍ക്ക് ഒരുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യൂണിയന്കാര് കാല്‍ലക്ഷം രൂപ ബലമായി പിടിച്ചുവാങ്ങി. ആറുമണിക്കൂര്‍ ലോറി തടഞ്ഞിട്ടു കരാറുകാരനെയും ജോലിക്കാരെയും അസഭ്യം വിളിച്ചും കയ്യേറ്റത്തിനു ശ്രമിച്ചും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച തൊഴിലാളികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിപരിശോധനയും നടത്തി. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളുടെ നേതൃത്വത്തില്‍ ചാക്ക ബൈപ്പാസിലെ വീട്ടിലായിരുന്നു അതിക്രമം.
ചാക്കയില്‍ പുതിയതായി പണികഴിപ്പിക്കുന്ന വീടിനുവേണ്ടി ശനിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു ഗ്രനൈറ്റും മാര്‍ബിളും എത്തിയിരുന്നു. 3000 സ്ക്വയര്‍ഫീറ്റിന്റെ ലോഡ് ഇറക്കാന്‍ 15,000 രൂപയില്‍ താഴെയാണു ചുമട്ടുകൂലി. എന്നാല്‍ ഗ്രനൈറ്റ് ശ്രദ്ധിച്ച് ഇറക്കണമെന്നു കമ്പനി പ്രത്യേകം നിര്‍ദേശിച്ചിരുന്നതിനാല്‍ ലോഡ് ഇറക്കാന്‍ അവരുടെ ജോലിക്കാരെത്തന്നെ ഏല്പിച്ചു. ഇതിനായി 16,000 രൂപയും നല്കി. പകുതിയിലേറെ ലോഡ്ഇറക്കി ക്കഴിഞ്ഞപ്പോഴാണു ചുമട്ടുതൊഴിലാളികള്‍ പാഞ്ഞെത്തിയത്. അവര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. തര്‍ക്കം ആയപ്പോള്‍ വീടു നിര്‍മിക്കുന്ന കരാറുകാരനെയും ലോഡ് ഇറക്കിയവരെയും അസഭ്യം വിളിച്ചെന്നും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും സുധീര്‍ കരമന പറയുന്നു.
കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിവച്ചിട്ടുണ്ടെന്ന സംശയത്തില്‍ വീടിനകത്തു കടന്നുകയറി പരിശോധനയും നടത്തി. ഒടുവില്‍, ഒരുലക്ഷം രൂപ നോക്കുകൂലി നല്കിയാല് പ്രശ്നം ഒത്തുതീര്‍ക്കാമെന്നു നേതാക്കള്‍ പറഞ്ഞു. ചെയ്യാത്ത ജോലിക്ക് ഇത്രയും പണം നല്കാന് കഴിയില്ലെന്നു കരാറുകാരന് പറഞ്ഞതോടെ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവിലാണ് 25,000 രൂപയില്‍ എത്തിയത്. വീടുപണി ഇനി സുഗമമായി നടക്കില്ലെന്ന താക്കീതും നല്‍കിയാണു സംഘം സ്ഥലംവിട്ടത്. വാങ്ങിയ പണത്തിനു രസീതും നല്‍കിയില്ല. തൊടുപുഴയിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് തിരുവനന്തപുരത്ത് എത്തിയാലുടന്‍ പരാതി നല്കുമെന്നു സുധീര്‍ കരമന പറയുന്നു.
മേയ് ഒന്നു മുതല്‍ കേരളത്തില്‍ നോക്കുകൂലി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറുന്നത്. മുഖ്യ മന്ത്രിയുടെ വാക്കിനു പുല്ലുവില പോലും സ്വന്തം പാര്‍ട്ടിയുടെ ട്രേഡ് യൂനിയന്മാര് നല്‍കുന്നില്ല. അപ്പോള്‍ പിന്നെ മറ്റുപാര്‍ട്ടിക്കാരെ എങ്ങനെ കുറ്റം പറയും. എന്നാല്‍ നോക്കുകൂലി നിരോധനത്തിനു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.
എഐവൈഎഫ് കൊടിനാട്ടിയതു കാരണം വര്‍ക്ഷോപ്പ് തുടങ്ങാനാകാതെ പുനലൂരില്‍ പ്രവാസിയായ സുഗതന് ആത്മഹത്യ ചെയ്ത കേസ് നിയമസഭയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താന്‍ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടു മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നടക്കുന്നത് എന്താണ്?
എല്ലാം ശരിയാക്കാന്‍ വന്ന സര്‍ക്കാര്‍ ആരെയാണ് ശരിയാക്കുന്നത്. ഭരണത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തെല്ലാം വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ ഇടത് സര്‍ക്കാരിന് കഴിഞ്ഞുവെന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. കാരണം സ്വന്തം പാര്‍ട്ടിക്കാരെപോലും നിലയ്ക്ക് നിര്‍ത്താന്‍ കഴിവില്ലാത്ത ഭരണാധികാരികളാണ് ജനങ്ങള്‍ക്ക് വേണ്ടി സേവനം എന്ന പേരില്‍ അധികാരത്തില്‍ ഇരിക്കുന്നത്. പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ പിഴിയുന്ന ഈ രാഷ്ട്രീയ നാടകം ഇനി എന്ന് അവസാനിക്കും. വയനാട്ടില്‍ കഴിഞ്ഞ ദിവസം ഒരു കട്ടില് ഇറക്കാന്‍ കൂലിയായി ചോദിച്ചത് നൂറു രൂപ. ഇരുപത്തി അഞ്ചുരൂപ മാത്രം വേണ്ടയിടത്താണ് ഇരട്ടിയിലധികം രൂപ ചോദിച്ചത്. അതിനി പിന്നാലെയാണ് സുധീര്‍ കരമനയുടെ വീട് പണിക്കിടെ ഉണ്ടായ തര്‍ക്കം. ഒരു വീട് പണിയാന്‍ ഓരോ വസ്തുക്കള്‍ക്കും തീ പിടിച്ച വിലയുള്ളപ്പോള്‍ കൈയും കെട്ടി നോക്കി നില്ക്കാന് കാല് ലക്ഷം രൂപ വളരെ കുറവ് അല്ലെ വെറുതെ നില്ക്കുന്നതും ഒരു പണിയല്ലേ! അപ്പൊ പിന്നെ തെറിയഭിഷേകവും മറ്റു ശിക്ഷകളും ഉടമസ്ഥര്‍ക്ക് കൊടുക്കേണ്ടതാണല്ലോ.. അതാണല്ലോ ജനാധിപത്യ സര്‍ക്കാരിന്റെ ജോലിയും.
Post Your Comments