തിരുവനന്തപുരം•രോഗിയും പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികിത്സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വാസുവിന്റെ തുടര്‍ ചികിത്സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കുന്നതാണ്. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് ആനക്കുളത്തിന് സമീപമുള്ള വാസുവിന്റെ മകന്റെ വീട്ടിലെത്തിയാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
വളരെ ദരിദ്രാവസ്ഥയിലാണ് വാസുവും കുടുംബവും ജീവിക്കുന്നത്. ഭാര്യയും ഒരു മകനുമാണുള്ളത്. ഒരു മകള്‍ നേരത്തെ മരിച്ചിരുന്നു. ആ മകളുടെ മകന്‍ ഉണ്ണി, തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. വാസുവിന്റെ സംരക്ഷണയിലാണ് ഉണ്ണിയുള്ളത്. കുടുംബം പുലര്‍ത്താന്‍ മറ്റ് നിര്‍വാഹമില്ലാതെ തെങ്ങുകയറ്റ തൊഴിലാളിയായ വാസു വാര്‍ദ്ധക്യാവസ്ഥയിലും തെങ്ങുകയറ്റം തുടര്‍ന്നു. തെങ്ങില്‍ നിന്നും വീണ് അപകടം പറ്റിയാണ് മെഡിക്കല്‍ കോളേജില്‍ വാസു ചികിത്സയ്‌ക്കെത്തിയത്. ഉണ്ണിയായിരുന്നു കൂട്ടിനിരുന്നത്. അന്നേരത്താണ് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് കൈപിടിച്ച് തിരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ മകന്റെ വീടായ ആനക്കുളത്തേക്ക് വരികയായിരുന്നു. വാസുവിന്റെ മകനായ ബിനുവിന്റെ ഭാര്യാപിതാവും അസുഖ ബാധിതനാണ്.
വാസുവിന്റെ ജീവിതാവസ്ഥയറിഞ്ഞ മന്ത്രി ഉണ്ണിയുടെ തുടര്‍ പഠനം സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുക്കുമെന്നറിയിച്ചു. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രാമ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ബിനുവിന്റെ ഭാര്യാപിതാവിനും ചികിത്സ ലഭ്യമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറ്റാനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മെഡിക്കല്‍ കോളേജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമായ മാറ്റം ഉണ്ടാകുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments