KeralaLatest News

ബ്ലേഡ് മാഫിയയുടെ ഭീഷണി, പുനലൂരിൽ ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്തു : കടം വാങ്ങിയത് ഭർത്താവിന്റെ ചികിത്സയ്ക്കായി

കൊല്ലം: പുനലൂരിൽ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. പുനലൂർ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയത്.

വഴിയിൽ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.മഹിളാമോർച്ച പുനലൂർ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്താംകോണം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. ഭർത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനിൽ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു.

ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തിൽ നൽകി. പണം തിരികെ ചോദിച്ച് പലിശക്കാർ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. മരണ ദിവസവും വീട്ടിൽ അതിക്രമിച്ചു കയറി പലിശക്കാരൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി ​ഗ്രീഷ്മയുടെ അമ്മ പറയുന്നു.തന്റെ ആത്മഹത്യയ്ക്ക് കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത മരണക്കുറിപ്പിൽ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്.

കൂടുതൽ തുക ആവശ്യപ്പെട്ടു ഇയാൾ മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും സഹോദരൻ പറഞ്ഞു. പലിശ നൽകാൻ പണമില്ലാതായതോടെ മൈക്രോഫിനാൻസിൽ നിന്നും ഗ്രീഷ്മ വായ്പയെടുത്തിരുന്നു.

അടുത്തമാസം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗ്രീഷ്മ. ഒമ്പതും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ഗ്രീഷ്മയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button